പഠാന്‍കോട്ട്‍: കത്വ പീഡനക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ക്ക് ശിക്ഷ വിധിച്ച് പഠാന്‍കോട്ട് ജില്ലാ സെക്ഷന്‍ കോടതി. 

മുഖ്യപ്രതികളായ മൂന്ന് പേര്‍ക്ക് ജീവപര്യന്തവും മറ്റ് മൂന്ന് പേര്‍ക്ക് അഞ്ച് വര്‍ഷം കഠിന തടവുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. 

കുട്ടിയെ ബലാത്സംഗം ചെയ്യാൻ ആസൂത്രണം ചെയ്ത ക്ഷേത്ര പൂജാരി സാഞ്ജി റാ൦, പർവേഷ് കുമാർ അഥവാ മന്നു, ദീപക് ഖജൂരിയ എന്നിവര്‍ക്കാണ്  ജീവപര്യന്ത൦.

ആനന്ദ് ദത്ത, സബ് ഇൻസ്പെക്ടർ സുരേന്ദർ വെർമ, ഹെഡ് കോൺസ്റ്റബിൾ തിലക് രാജ് എന്നിവര്‍ക്കാണ് അഞ്ച് വര്‍ഷം കഠിന തടവ്. സുരേന്ദർ വെർമ, തിലക് രാജ് എന്നിവര്‍ക്ക് സംഭവം ഒതുക്കിത്തീർക്കാൻ ശ്രമിച്ചതിനാണ് ശിക്ഷ നല്‍കിയിരിക്കുന്നത്.  

കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ വിളിച്ചുവരുത്തിയെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ച സാഞ്ചി റാമിന്‍റെ മകന്‍ വിശാലിനെയും പ്രായപൂര്‍ത്തിയാകാത്ത മരുമകനെയും കോടതി നേരത്തെ കുറ്റവിമുക്തരാക്കിയിരുന്നു. 

പഠാൻകോട്ട് അതിവേഗകോടതിയിലെ ജില്ലാ സെഷൻസ് ജഡ്ജി തേജ്‍വീന്ദർ സിംഗാണ് കേസിൽ വിധി പറഞ്ഞത്. വിധിപ്രസ്താവത്തിന് മുന്നോടിയായി കോടതിയ്ക്ക് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു.

2018 ജനുവരിയിലായിരുന്നു രാജ്യവ്യാപക  പ്രതിഷേധങ്ങൾക്ക് ഇടയാക്കിയ കത്വ കൂട്ടബലാത്സംഗം.  

ജമ്മു കശ്മീരിലെ കത്വയിൽ എട്ട് വയസുകാരിയെ തട്ടിക്കൊണ്ട് പോയി ദിവസങ്ങളോളം ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. 

നാടോടി സമുദായമായ ബക്കര്‍വാളുകളെ കത്വയിലെ രസാന ഗ്രാമത്തില്‍ നിന്ന് പുറന്തള്ളുക ലക്ഷ്യമിട്ടായിരുന്നു കൃത്യമെന്നാണ് കുറ്റപത്രം പറയുന്നത്. 

കുറ്റപത്രം കത്വ കോടതിയില്‍ സമര്‍പ്പിക്കാന്‍ ഒരു കൂട്ടം അഭിഭാഷകര്‍ അനുവദിക്കാതെ വന്നതോടെ സുപ്രിം കോടതിയാണ് വിചാരണ പഠാന്‍കോട്ടിലെ അതിവേഗ കോടതിയിലേക്ക് മാറ്റിയത്. 275 തവണ നടന്ന ഹിയറിംഗില്‍ 132 സാക്ഷികളെ വിസ്തരിച്ചു.