ജമ്മു: രാജ്യവ്യാപക പ്രതിഷേധത്തിനിടയാക്കിയ കത്വവ കൊലപാതകത്തില്‍ കോടതി ഇന്ന് വിധി പ്രഖ്യാപിക്കും. ജമ്മു കാശ്മീരിലെ പത്താന്‍കോട്ടുള്ള ജില്ലാ സെഷന്‍സ് കോടതിയിലാണ് വിധി പറയുക. ജമ്മുവിലെ കത്വവയില്‍ ദിവസങ്ങളോളം തടങ്കലിട്ട് എട്ടു വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്സിലാണ് കോടതി വിധി പറയുന്നത്. സംഭവത്തില്‍ പ്രതികളെ രക്ഷിക്കുന്നതിനായി ജനപ്രതിനിധികളടക്കം രംഗത്ത് വന്നത് വലിയ വിവാദമായിരുന്നു.പ്രതികളെ രക്ഷിക്കാന്‍ മെഹ്ബൂബ മുഫ്തി മന്ത്രിസഭയിലെ അംഗങ്ങളായ ബിജെപി നേതാക്കളായ ലാല്‍ സിങ്ങിന്റെയും ചന്ദര്‍പ്രകാശ് ഗംഗയുടെയും നേതൃത്വത്തില്‍ ഹിന്ദു ഏക്ത മഞ്ച് എന്ന സംഘടന രൂപീകരിക്കുകയും ചെയ്തു. അതിക്രൂരമായ ലൈംഗികാതിക്രമത്തിന് വിധേയയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് ജമ്മു കശ്മീരില്‍ ബക്കര്‍വാള്‍ സമൂഹത്തിന്റെ പ്രക്ഷോഭം വ്യാപകമായിരുന്നു. അതേസമയം, ഹിന്ദു ഏക്ത മഞ്ചിന്റെ നേതൃത്വത്തില്‍ ദേശീയ പതാക ദുരുപയോഗം ചെയ്തുകൊണ്ട് പ്രതികള്‍ക്കനുകൂലമായും ആളുകള്‍ രംഗത്തിറങ്ങി. കൊല്ലപ്പെടുന്നതിനു മുന്‍പ് പെണ്‍കുട്ടി മൂന്നു തവണ കൂട്ടബലാത്സംഗത്തിനിരയായെന്നും മയക്കുമരുന്ന് നല്‍കിയെന്നും കുറ്റപത്രം വ്യക്തമാക്കുന്നു. കുട്ടിയെ കഴുത്തുഞെരിച്ച് കൊന്നശേഷം മരിച്ചെന്ന് ഉറപ്പുവരുത്താനായി വലിയ കല്ലുകൊണ്ട് രണ്ടുവട്ടം തലയ്ക്കടിച്ചുവെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.


LEAVE A REPLY

Please enter your comment!
Please enter your name here