തിരുവനന്തപുരം: 

കുടുംബസംബന്ധമായ ആവശ്യത്തിന് ബാഗ്ലൂരിലെത്തിയ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ ബാംഗ്ലൂര്‍ കോര്‍പ്പറേഷനിലെ "ബ്രഹത് ബാംഗ്ലൂര്‍ മഹാനഗര പാലികെ"(BBMP) എന്ന റോഡ് നിര്‍മ്മാണ രീതിയെക്കുറിച്ച് അവിടുത്തെ എഞ്ചിനീയര്‍മാരുമായി സംസാരിച്ച് മനസ്സിലാക്കുകയും റോഡുകളില്‍ നേരിട്ട് സന്ദര്‍ശനം നടത്തുകയും ചെയ്തു. 

അനൗദ്യോഗികമായ സന്ദര്‍ശനമായതിനാല്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ആവശ്യപ്പെടാതെയാണ് ബാഗ്ലൂരില്‍ മന്ത്രി പോയത്. 03-06-2019 ല്‍ ബാഗ്ലൂരില്‍ കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രിയെത്തിയതറിഞ്ഞ് BBMP യുടെ കമ്മീഷണര്‍ മഞ്ചുനാഥ പ്രസാദും, ചീഫ് എഞ്ചിനീയര്‍ ശ്രീ നാഗരാജും മന്ത്രിയെ ഫോണിലൂടെ ബന്ധപ്പെടുകയും ചെയ്തു. തുടര്‍ന്ന് നഗരത്തിലെ റോഡുകളെക്കുറിച്ച് മനസ്സിലാക്കുന്നതിനായി 04-06-2019 ന് രാവിലെ മന്ത്രിയെ റോഡിലെ വൈറ്റ് ടോപ്പിംഗ് ചെയ്തിട്ടുള്ള പ്രദേശത്തെ റോഡുകള്‍ സന്ദര്‍ശിക്കുന്നതിന് ആആങജ കമ്മീഷ്ണറും എഞ്ചിനീയര്‍മാരും മന്ത്രിയെ ക്ഷണിക്കുകയും ചെയ്തു. 

ഇന്ന് (04-06-2019) എഞ്ചിനീയര്‍മാരും കരാര്‍ ഏറ്റെടുത്തിരിക്കുന്ന സ്ഥാപനത്തിലെ ഉദ്യോഗസ്ഥډാരുമായ ബാസവരാജ് കബാഡെ, മാധവ്, രാമചന്ദ്ര അയ്യപ്പാ, ദീപക്, മലയാളിയായ ബാലസുബ്രമണ്യം, അമ്പലപ്പുഴകാരനായ ഷാബുലാലും റോഡ് നിര്‍മ്മാണത്തിന്‍റെ വിവിധ വശങ്ങളെക്കുറിച്ച് മന്ത്രിയെ ബോധ്യപ്പെടുത്തി. നഗര റോഡുകള്‍ പലയിടത്തും 45 മീറ്ററുണ്ട്. അതില്‍ 6 വരി വാഹന പാതകളും ഇരുഭാഗത്തുമായി 4 വരി സര്‍വ്വീസ് റോഡുകളും ഉണ്ട്. പ്രധാന പാതകള്‍ക്ക് നടുവിലായി 5 മീറ്റര്‍ വീതം ഇരുഭാഗത്തും പൂന്തോട്ടവും ഒരുക്കിയിട്ടുണ്ട്. കാര്യേജ് വേയില്‍ ഒരിടതും പൈപ്പുകള്‍, കമ്പികള്‍ മുതലായവ ഒന്നും തന്നെ സൂക്ഷിക്കുന്നതിന് അനുവാദമില്ല. യൂട്ടിലിറ്റീസ് നടത്തുന്ന റോഡുകളില്‍ വൈറ്റ് ടോപ്പിംഗ് നടത്തില്ല. ഒരു കി.മീറ്റര്‍ റോഡ് വൈറ്റ് ടോപ്പിംഗ് നടത്തുന്നതിന് 10 കോടിയോളം രൂപ ചിലവ് വരുമെന്നും റോഡ് 30 വര്‍ഷം നീണ്ട് നില്‍ക്കുമെന്നും ഉദ്യോഗസ്ഥര്‍ മന്ത്രിയെ അറിയിച്ചു.

കേരളത്തില്‍ ബി.എം & ബി.സി ഒരു കി.മീറ്റര്‍ ചെയ്യാന്‍ ഒരു കോടി രൂപ ചിലവ് വരികയും 2 വര്‍ഷം മുതല്‍ 3 വര്‍ഷം വരെയാണ് റോഡിന്‍റെ കാലാവധി കണക്ക് കൂട്ടുന്നത്. വൈറ്റ് ടോപ്പിംഗിന് ചിലവ് കൂടുതലാണെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ബി.എം & ബി.സി യെക്കാള്‍ ചിലവ് കൂടുതലല്ല എന്നും മന്ത്രി പറഞ്ഞു. 

ടാര്‍ ചെയ്യുന്ന റോഡുകളുടെ മുകളിലാണ് വൈറ്റ് ടോപ്പിംഗ് നടത്തുക. ടാര്‍ ചെയ്ത റോഡിന്‍റെ മുകള്‍ വശം കാലിഞ്ച് കനത്തില്‍ യന്ത്രം ഉപയോഗിച്ച് മാറ്റിയതിന് ശേഷമാണ് അതിന് മുകളില്‍ വൈറ്റ് ടോപ്പിംഗ് ചെയ്യുക. നഗരത്തില്‍ 900 കി.മീറ്ററോളം റോഡ് ഈ പ്രകാരം ചെയ്യാനാണ് പദ്ധതിയെന്ന് ഉദ്യോഗസ്ഥര്‍ മന്ത്രിയെ അറിയിച്ചു. അതിന് 9000 കോടിയിലേറെയാണ് ചിലവ്. ഇപ്പോള്‍ 94 കി.മീറ്റര്‍ ചെയ്ത് കഴിഞ്ഞുയെന്നും അതിന് 1000 കോടിയോളം ചിലവഴിച്ചു എന്നും ഉദ്യോഗസ്ഥര്‍ മന്ത്രിയെ അറിയിച്ചു. ഒരു കോടി മുതല്‍ പത്ത് കോടി വരെ വിലയുള്ള വിദേശ നിര്‍മ്മിത ആധുനിക നിര്‍മ്മാണ യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് കോണ്‍ട്രാക്ടര്‍മാര്‍ നിര്‍മ്മാണങ്ങള്‍ നടത്തുന്നത്. 

ബാംഗ്ലൂരില്‍ ഓട്ടര്‍ റിങ് റോഡിലുള്ള ഹെണ്ണൂര്‍ എന്ന സ്ഥലത്താണ് നിര്‍മാണ രീതി മന്ത്രി നേരിട്ട് കണ്ട് മനസ്സിലാക്കിയത്. അതിനു ശേഷം ഔട്ടര്‍ റിങ് റോഡിലെ ഹെണ്ണൂര്‍ മുതല്‍ രാമമൂര്‍ത്തി നഗര്‍ വരെയുള്ള റോഡ് മാര്‍ഗം മന്ത്രി ഉദ്യോഗസ്ഥര്‍ക്കൊപ്പം സഞ്ചരിച്ചു. പിന്നീട് ഉദ്യോഗസ്ഥര്‍ക്കൊപ്പം എം.ജി റോഡിനു സമീപമുള്ള ചര്‍ച്ച് സ്ട്രീറ്റിലുള്ള ടെന്‍ഡര്‍ ഷുവര്‍ റോഡ് നിര്‍മാണ രീതി മന്ത്രി കണ്ട് മനസ്സിലാക്കുകയുമുണ്ടായി.

കേരളത്തില്‍ പരീക്ഷണാര്‍ത്ഥം ഏതെങ്കിലും പ്രധാന നഗരത്തില്‍ ഒരു കി.മീറ്റര്‍ റോഡ് പരീക്ഷണാടിസ്ഥാനത്തില്‍ ചെയ്യുന്ന കാര്യം കേരളത്തിലെ എഞ്ചിനീയര്‍മാരുമായി ചര്‍ച്ച ചെയ്യും. പുതിയ നിര്‍മ്മാണ രീതികള്‍ കേരളത്തിലും ആവിഷ്കരിച്ച് തുടങ്ങിയതും കേരളത്തിലെ റോഡുകളുടെ നിര്‍മ്മാണത്തില്‍ വലിയ മുന്നേറ്റം ഉണ്ടായി വരുന്നത് അറിയുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ മന്ത്രിയോട് പറഞ്ഞു. എല്ലാ കാര്യങ്ങളും വളരെ സന്തോഷപൂര്‍വ്വമാണ് റോഡിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ തന്നെ ധരിപ്പിച്ചതെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here