സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട നാളുകൾ ആയിരുന്ന 1975 മുതൽ 1977 വരെ കാലഘട്ടത്തിലെ അടിയന്തരാവസ്ഥ തടവുകാർക്ക് ഒടുവിൽ നീതി ലഭിച്ചു തുടങ്ങുന്നതായി അടിയന്തരാവസ്ഥ തടവുകാരുടെ ഏകോപനസമിതി കൽപ്പറ്റയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അടിയന്തരാവസ്ഥ പീഡിതർക്ക് പെൻഷനും ചികിത്സാസഹായവും ലഭ്യമാക്കണമെന്ന ആവശ്യവുമായി ഏകോപനസമിതി നിരവധി തവണ വിവിധ സമരങ്ങൾ സംഘടിപ്പിച്ചിരുന്നു. ഒടുവിൽ അടിയന്തരാവസ്ഥ പീഡിതർക്ക് പെൻഷനും ചികിത്സയും ഉറപ്പുവരുത്താം എന്ന് സർക്കാർ ഉത്തരവ് പുറത്തിറങ്ങിയിരിക്കുകയാണ്. സർക്കാറിൽ നിന്നുള്ള കൂടുതൽ സഹായങ്ങൾ കൂടി നേടിയെടുക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ അടിയന്തരാവസ്ഥ സമരക്കാരുടെ ജില്ലാതല സംഗമം 21-)o  തീയതി കൽപ്പറ്റ എം ജി ടി ഹാളിൽ നടക്കുമെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അടിയന്തരാവസ്ഥ തടവുകാരുടെ ഏകോപനസമിതി വർക്കിംഗ് പ്രസിഡണ്ടും സിപിഐ എം എൽ റെഡ് ഫ്ലാഗ് സംസ്ഥാന സെക്രട്ടറിയുമായ പി സി ഉണ്ണിച്ചെക്കൻ സംഗമം ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ കുന്നേൽ കൃഷ്ണൻ ,സുലോചന മീനങ്ങാടി ,ടി ടി വിജയൻ , എ എൻ സലിംകുമാർ തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here