സംസ്ഥാന സര്‍ക്കാര്‍ ആര്‍ദ്രം മിഷന്റെ ഭാഗമായി ജില്ലയില്‍ പ്രഖ്യാപിച്ച 15 കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ 10 എണ്ണം ഉടന്‍ പ്രവര്‍ത്തനസജ്ജമാവും. മേപ്പാടി, അമ്പലവയല്‍ സിഎച്ച്‌സികളും പാക്കം, ബേഗൂര്‍, വാഴവറ്റ, കുറുക്കന്‍മൂല, സുഗന്ധഗിരി, എടവക, വെള്ളമുണ്ട, ചീരാല്‍, തൊണ്ടര്‍നാട്, പൊഴുതന, കോട്ടത്തറ, പടിഞ്ഞാറത്തറ, ചെതലയം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുമാണ് പുതിയ പട്ടികയിലുള്ളത്. ഇതില്‍ പാക്കം, ബേഗൂര്‍, വാഴവറ്റ, കുറുക്കന്‍മൂല, സുഗന്ധഗിരി പി.എച്ച്.സികളില്‍ കെട്ടിടങ്ങള്‍ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വിപുലീകരിക്കേണ്ടതുണ്ട്. മറ്റിടങ്ങളില്‍ നിലവിലുള്ള കെട്ടിടങ്ങള്‍ നവീകരിച്ച്, ഡോക്ടര്‍മാരെ നിയമിക്കുന്നതോടെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറും. ഇതോടെ പരിശോധന ഉച്ചയോടെ അവസാനിപ്പിക്കുന്ന രീതി മാറി വൈകുന്നേരം വരെ പരിശോധനയും ചികില്‍സയും ലഭ്യമാവും. ഭൗതികസാഹചര്യങ്ങള്‍ വര്‍ധിപ്പിച്ച് ആശുപത്രികളെ രോഗീസൗഹൃദമാക്കുകയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍. രോഗനിര്‍ണയത്തിനാവശ്യമായ ഉപകരണങ്ങള്‍, ലബോറട്ടറി സംവിധാനങ്ങള്‍, മരുന്നുകള്‍, ഫര്‍ണിച്ചറുകള്‍ എന്നിവയും മെച്ചപ്പെടും. നിലവില്‍ നൂല്‍പ്പുഴ, പൂതാടി, അപ്പപ്പാറ, വെങ്ങപ്പള്ളി എന്നിങ്ങനെ നാലു കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് ജില്ലയിലുള്ളത്. ഇതില്‍ നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം ദേശീയതലത്തില്‍ അംഗീകാരം നേടിയിട്ടുണ്ട്. 

   പുതുതായി പ്രഖ്യാപിച്ച കുടുംബാരോഗ്യ കേന്ദ്രങ്ങളെക്കുറിച്ച് ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റിലെ എ.പി.ജെ ഹാളില്‍ ചേര്‍ന്ന യോഗം അവലോകനം ചെയ്തു. ആരോഗ്യകേന്ദ്രങ്ങളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് ജീവനക്കാരും ജനപ്രതിനിധികളും ഒന്നിക്കേണ്ടതുണ്ടെന്നും സാങ്കേതിക തടസ്സങ്ങള്‍ നീക്കി പ്രഖ്യാപിക്കപ്പെട്ട കുടുംബാരോഗ്യ കേന്ദ്രങ്ങളെല്ലാം ഉടന്‍ യാഥാര്‍ത്ഥ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. എംഎല്‍എമാരായ സി.കെ ശശീന്ദ്രന്‍, ഒ.ആര്‍ കേളു, എ.ഡി.എം കെ അജീഷ്, ഡിഎംഒ ഡോ. ആര്‍ രേണുക, ഡെപ്യൂട്ടി ഡിഎംഒ ഡോ. നൂന മര്‍ജ, എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി അഭിലാഷ്, തദ്ദേശ സ്ഥാപന അധ്യക്ഷര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ദേശീയ തലത്തില്‍ അംഗീകാരം നേടിയ നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിനുള്ള സാമൂഹികനീതി വകുപ്പിന്റെ പുരസ്‌കാരം മന്ത്രി കൈമാറി. നൂല്‍പ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കെ ശോഭന്‍കുമാര്‍, മെഡിക്കല്‍ ഓഫിസര്‍ ഡോ. ദാഹര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. 

LEAVE A REPLY

Please enter your comment!
Please enter your name here