ബത്തേരി താലൂക്ക് ആസ്പത്രിയില്‍
ഡയാലിസിസ് ബ്ലോക്ക് ഉദ്ഘാടനത്തിനൊരുങ്ങി
സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് എം.എസ്.ഡി.പി പദ്ധതിയില്‍ ഉള്‍പ്പെടുത്തി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്ററിനായി നിര്‍മിച്ച ബ്ലോക്കിന്റെ ഉദ്ഘാടനം ഫെബ്രുവരി 25 ന് നടക്കും. 85 ലക്ഷം രൂപയാണ്  കെട്ടിടത്തിനും അനുബന്ധ സൗകര്യങ്ങള്‍ക്കുമായി ചെലവിട്ടത്. 15 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ഏകദേശം 900 രോഗികള്‍ ഡയാലിസിസിന് വിധേയരാവുന്നുണ്ടെന്നാണ് കണക്ക്. വയനാട്ടില്‍ ഡയാലിസിസ് സൗകര്യം കുറവായതിനാല്‍ ചുരമിറങ്ങിയുള്ള യാത്രയും പണച്ചെലവും രോഗികളെ വലയ്ക്കുന്ന സാഹചര്യത്തിലാണ് എംഎസ്ഡിപി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബ്ലോക്ക് പഞ്ചായത്ത് ഒരു കോടി രൂപയുടെ പ്രൊജക്റ്റ് അനുവദിച്ചത്. നിലവില്‍ 10 ഡയാലിസിസ് ബെഡ്ഡുകള്‍ മൂന്നു ഷിഫ്റ്റുകളിലായി താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തിപ്പിച്ചുവരുന്നു. രണ്ടു കിടക്കകള്‍ പോസിറ്റീവ് കേസുകള്‍ക്കായി മാറ്റിവച്ചിരിക്കുകയാണ്.  സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി  കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതോടെ ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തനം പൂര്‍ണമായി ഇവിടേക്ക് മാറ്റും. 
ആരോഗ്യമേഖലയില്‍ നിര്‍മിച്ച മറ്റ് രണ്ട് കെട്ടിടങ്ങളും  ഉദ്ഘാടനത്തിനൊരുങ്ങിയിട്ടുണ്ട്. ചെതലയം ഹോമിയോ ആശുപത്രിക്കായി 25 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 21നു നടക്കും. എംഎസ്ഡിപി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1300 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണത്തില്‍ നിര്‍മിച്ച കെട്ടിടത്തില്‍ താല്‍ക്കാലികമായി അത്യാഹിത വിഭാഗവും ഫാര്‍മസിയും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. കെട്ടിടോദ്ഘാടനത്തോടെ ഇതു പൂര്‍ണ തോതില്‍ പ്രവര്‍ത്തനസജ്ജമാവും. കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്നതിന്റെ ഭാഗമായി എംഎസ്ഡിപി പദ്ധതിയില്‍ ഉള്‍പ്പെടുത്തി അമ്പലവയല്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് ഒന്നര കോടി ചെലവില്‍ നിര്‍മിച്ച കെട്ടിടവും ഉദ്ഘാടനം ചെയ്യും. 

LEAVE A REPLY

Please enter your comment!
Please enter your name here