ടോങ്ക് (രാജസ്ഥാൻ): പതിവുകൾ തെറ്റിച്ച് പയറ്റാനിറങ്ങിയ കോൺഗ്രസിന് ടോങ്കിൽ വിജയം. മുസ്ലീം വോട്ടർമാർ 25 ശതമാനത്തിലേറെയുള്ള ഇവിടെ സച്ചിൻ പൈലറ്റ് വിജയിച്ചതിനെ സമവാക്യങ്ങളുടെ തിരുത്തെഴുത്ത് എന്ന് വിശേഷിപ്പിക്കാവുന്നതാണ്. കഴിഞ്ഞ 46 വർഷത്തിനിടെ ഒരിക്കൽ പോലും മുസ്ലീം സമുദായത്തിൽ നിന്നല്ലാതെയൊരു സ്ഥാനാർഥി ടോങ്കിൽ കോൺഗ്രസിനുണ്ടായിട്ടില്ല. ആ പതിവ് തെറ്റിച്ചാണ് മുഖ്യമന്ത്രി സ്ഥാനാർഥിയായ സച്ചിൻ പൈലറ്റിനെ കോൺഗ്രസ് ടോങ്കിൽ ഇറക്കിയത്. നൂലിൽ കെട്ടിയിറക്കിയ സ്ഥാനാർഥിയെന്നൊക്കെ ബിജെപിക്കാർ പ്രചരണം നടത്തി നോക്കിയെങ്കിലും ടോങ്കിലെ ജനങ്ങൾ അതൊന്നും ചെവിക്കൊണ്ടില്ല എന്ന് വേണം ഫലം വരുമ്പോൾ വിലയിരുത്താൻ. മുൻ കേന്ദ്രമന്ത്രിയും പിസിസി അധ്യക്ഷനുമായ സച്ചിൻ പൈലറ്റിന് നിയമസഭയിലേക്ക് ഇത് കന്നിപ്പോരാട്ടമായിരുന്നു. ഇതുവരെ സച്ചിൻ മത്സരിച്ചത് അച്ഛൻ രാജേഷ് പൈലറ്റോ അമ്മ രമ പൈലറ്റോ മത്സരിച്ച മണ്ഡലങ്ങളിൽ മാത്രമായിരുന്നു. കഴിഞ്ഞ തവണ അമ്മയുടെ മണ്ഡലമായിരുന്ന അജ്മേറിൽ നിന്ന് സച്ചിൻ പച്ചതൊടാതിരിക്കുകയും ചെയ്തു. ഇക്കുറി പക്ഷേ ടോങ്ക് തുണച്ചു. മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയ്ക്കെതിരായ ജനവികാരം ആളിക്കത്തിയപ്പോൾ ബിജെപി സ്ഥാനാർഥി യൂനസ് ഖാന് വിജയക്കൊടി നാട്ടാൻ സാധിച്ചില്ല. 1985 മുതൽ മുസ്ലീം വനിതാ സ്ഥാനാർഥിയായ സാക്കിയ ആയിരുന്നു ടോങ്കിലെ കോൺഗ്രസ് സ്ഥാനാർഥി. അവരെ മാറ്റി സച്ചിനെക്കൊണ്ടുവന്നതിനെതിരെ ചെറിയതോതിൽ പടലപ്പിണക്കങ്ങൾ പാർട്ടിയിലുണ്ടാവുകയും ചെയ്തിരുന്നു. എന്നാൽ, ആ സ്വരച്ചേർച്ചകളെയൊക്കെ നിഷ്ഫലമാക്കി മുന്നേറാൻ സച്ചിൻ പൈലറ്റിനായി. ടോങ്കിൽ ഇതുവരെയും കോൺഗ്രസിന്റെ തുറുപ്പ് ചീട്ട് മുസ്ലീം സ്ഥാനാർഥികളായിരുന്നു. ബിജെപിയാവട്ടെ ആർഎസ്എസ് അഭിമത സ്ഥാനാർഥികളെ മുൻനിർത്തി ഇവിടെ വിജയം കൊയ്ത ചരിത്രവുമുണ്ട്. ആ പതിവ് ബിജെപിയും ഇത്തവണ മാറ്റിയെഴുതിയിരുന്നു. ആദ്യം ഇവിടെ ബിജെപി സ്ഥാനാർഥിയായി നിശ്ചയിച്ചിരുന്നത് അജിത് സിങ് മേത്തയെയായിരുന്നു. 2013ൽ 30,000ലേറെ വോട്ടുകൾ നേടി മേത്ത വിജയിച്ച സീറ്റാണിത്. പക്ഷേ, കോൺഗ്രസിന്റെ സ്ഥാനാർഥി സച്ചിൻ പൈലറ്റാണെന്ന് അറിഞ്ഞതോടെ ബിജെപി ഇവിടേക്ക് യൂനസ് ഖാനെ കൊണ്ടുവന്നു. പക്ഷേ, ആ സമവാക്യവും തിരുത്തി എഴുതുന്നതായി ജനവിധി. സച്ചിന്റെ ഭാര്യാപിതാവും കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുള്ളയുടെ സുഹൃത്താണ് ടോങ്കിലെ പ്രബല മുസ്ലീംകുടുംബത്തിലെ കാരണവരായ അജ്മൽ സെയ്തി. ഇതാണ് സച്ചിന് നേട്ടമായതെന്ന് വിലയിരുത്തപ്പെടുന്നു. ഭരണവിരുദ്ധവികാരവും മാറ്റത്തിനു വേണ്ടിയുള്ള മുറവിളികളും കൂടിയായപ്പോൾ ജനം വസുന്ധരയെയും അവർക്ക് പ്രിയങ്കരനായ യൂനസ് ഖാനെയും തോൽപ്പിക്കുകയായിരുന്നു എന്നാണ് രാഷ്ട്രീയവൃത്തങ്ങൾ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here