കുറ്റ്യാടി: സഹായിക്കാന്‍ ബന്ധുക്കള്‍ ആരുമില്ലാതെ വീട്ടില്‍ നരകയാതന അനുഭവിച്ച വൃദ്ധസഹോദരിമാരെ ആശ്രയകേന്ദ്രത്തിലേക്ക് മാറ്റി. വടയം മീത്തലെ പുഴക്കൂല്‍ മറിയം, പാത്തു എന്നിവരെയാണ് എടച്ചേരിയിലെ തണല്‍ അഗതിമന്ദിരത്തിലേക്കു മാറ്റിയത്. ഭര്‍ത്താവോ മക്കളോ ഇല്ലാത്ത ഇവര്‍ ഇടിഞ്ഞുവീഴാറായ വീട്ടിലാണ് വര്‍ഷങ്ങളായി തള്ളിനീക്കിയിരുന്നത്. കുറ്റ്യാടി കരുണ പെയ്ന്‍ ആന്‍ഡ് പാലിയേറ്റിവ് പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്ന് ലീഗര്‍ സര്‍വിസ് സൊസൈറ്റി വിഷയം ഏറ്റെടുക്കുകയും മെയ്ന്റനന്‍സ് ട്രിബ്യൂണല്‍ ആന്‍ഡ് ആര്‍ഡിഒ അനുകൂല വിധി നല്‍കുകയും ചെയ്തതിനെ തുടര്‍ന്നാണ് സഹോദരിമാരെ അഗതിമന്ദിരത്തിലേക്ക് മാറ്റിയത്.
സ്വത്ത് തട്ടിയെടുക്കുന്നതിനായി അടുത്ത ബന്ധു ഇവരെ ചതിയില്‍പ്പെടുത്തുകയായിരുന്നെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പ്രായം 80 കഴിഞ്ഞ ഇരുവരുടെയും വിവാഹം വര്‍ഷങ്ങള്‍ക്കു മുന്‍പു നടന്നിരുന്നു. ഇതില്‍ ഒരാളുടെ ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ചു. മറ്റൊരാളുടെത് ബന്ധം വേര്‍പ്പെടുകയും ചെയ്തു. പിതാവിന്റെ മരണത്തോടെയാണ് ഇവരുടെ കഷ്ടകാലം ആരംഭിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. ഏക്കര്‍ കണക്കിന് ഭൂമിയടക്കം വലിയ സ്വത്തിന്റെ ഉടമകളായിരുന്നു ഇവര്‍. എന്നാല്‍ ഇവയെല്ലാം അടുത്ത ബന്ധു തട്ടിയെടുത്തു. ശേഷം ഇവരെ തറവാട്ടില്‍ത്തന്നെ താമസിപ്പിച്ചു. എപ്പോഴും വീഴാവുന്ന സ്ഥിതിയിലുള്ള ഈ വീട്ടിലെ ഇരുണ്ട മുറികളിലാണ് ഈ പെരുമഴയത്തും കാറ്റിലുമെല്ലാം സഹായത്തിന് ഒരാള്‍ പോലുമില്ലാതെ രോഗികളായ സഹോദരിമാര്‍ കഴിഞ്ഞിരുന്നത്.
ഭക്ഷണം കൃത്യമായി ലഭിച്ചിരുന്നില്ല. ഇലയിലായിരുന്നു സഹോദരന്‍ ഭക്ഷണം നല്‍കിയിരുന്നത്. നാട്ടിലെ സന്നദ്ധ പ്രവര്‍ത്തകരാണ് രുചിയുള്ള എന്തെങ്കിലും കുറച്ചുകാലമായി ഇവര്‍ക്കു നല്‍കുന്നത്. കുറ്റ്യാടി കരുണ പെയ്ന്‍ ആന്‍ഡ് പാലിയെറ്റിവ് പ്രവര്‍ത്തകരാണ് ഇവരെ കുളിപ്പിക്കുകയും നല്ല ഭക്ഷണങ്ങള്‍ നല്‍കുകയും വസ്ത്രങ്ങള്‍ അലക്കുകയുമൊക്കെ ചെയ്തിരുന്നത്. വീട്ടില്‍ പഴുതാരയും തേരട്ടയും ക്ഷുദ്രജീവികളും ഉള്‍പ്പെടെ വിഹരിച്ചിരുന്നു. പഴയ കട്ടപ്പുര ആയതിനാല്‍ പൊടിയില്‍ മുങ്ങിയായിരുന്നു ഇവര്‍ കഴിഞ്ഞിരുന്നത്. വൈദ്യുതി കണക്ഷന്‍ ഉണ്ടെങ്കിലും ആവശ്യത്തിന് ബള്‍ബുകള്‍ ഇല്ല. ഇവരെ അഗതി മന്ദിരത്തിലേക്ക് മാറ്റാന്‍ പല തവണ ശ്രമിച്ചെങ്കിലും ബന്ധുവിന്റെ എതിര്‍പ്പുകാരണം കഴിഞ്ഞില്ല.
തുടര്‍ന്നാണ് കരുണ പ്രവര്‍ത്തകര്‍ ലീഗല്‍ സര്‍വിസ് സൈസൈറ്റിയുടെ സഹായം തേടിയത്. സൊസൈറ്റി പാരാലീഗല്‍ വൊളന്റിയര്‍ കെ.പി മോഹനന്‍ നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വടകര മെയിന്റനന്‍സ് ട്രിബ്യൂണല്‍ ആന്‍ഡ് ആര്‍ഡിഒ ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിന് ഉത്തരവിടുകയായിരുന്നു. തുടര്‍ന്ന് കുറ്റ്യാടി സി.ഐ സുനില്‍ കുമാറിന്റെ സഹായത്തോടെ ഈ സഹോദരിമാരെ വീട്ടില്‍നിന്ന് ഒഴിപ്പിച്ച് തണല്‍ അഗതി മന്ദിരത്തിലേക്ക് മാറ്റി. കരുണയുടെ പ്രവര്‍ത്തകരായ കെ.എം മുഹമ്മദലി, ഒ.ടി നഫീസ, സിസ്റ്റര്‍ ബിന്‍സി, ആനേരി റഫീഖ്, എം.കെ ജമാല്‍, അസീസ് കുന്നത്ത്, സി.കെ ആലിക്കുട്ടി, ഒ.ടി കുഞ്ഞമ്മദ്, മുനീറ കളത്തില്‍, ഷാഹിന കുമ്പളം  തുടങ്ങിയവരാണ് സഹോദരിമാര്‍ക്ക് സാന്ത്വനവുമായെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here