തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പോരാട്ടത്തിനായി ഇരുടീമുകളും തിരുവനന്തപുരത്ത് എത്തി. ഉച്ചയ്ക്ക് 1.30 ഓടെ ജെറ്റ് എയര്‍വേസിന്‍റെ പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തിലെ ആഭ്യന്തര ടെര്‍മിനലിലാണ് ടീമുകള്‍ ഇറങ്ങിയത്.

ടീമുകള്‍ക്ക് പ്രത്യേകം ബസുകള്‍ കെസിഎ ക്രമീകരിച്ചിരുന്നു. ആദ്യം രവി ശാസ്ത്രിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ടീമാണ് പുറത്തുവന്നത്. പിന്നാലെ വിന്‍ഡീസ് ടീമും എത്തി. പിന്നീട് ടീമുകള്‍ കോവളത്തെ ലീല ഹോട്ടലിലേക്ക് പോയി. ഇന്ന് വിശ്രമ ദിനമായതിനാല്‍ ടീമുകള്‍ക്ക് പരിശീലനമില്ല. ബുധനാഴ്ച രാവിലെ 9.15 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ ടീമുകള്‍ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പരിശീലനം നടത്തും.

മത്സരത്തിനായി എല്ലാ ഒരുക്കങ്ങളും ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പൂര്‍ത്തിയായെന്ന് കെസിഎ അറിയിച്ചു. അന്തിമഘട്ട മിനുക്കുപണികള്‍ മാത്രമാണ് പുരോഗമിക്കുന്നത്. മഴയുണ്ടാകില്ലെന്നാണ് കാലാവസ്ഥാ പ്രവചനമെങ്കിലും ഏത് സാഹചര്യവും നേരിടാന്‍ നൂറോളം ഗ്രൗണ്ട് സ്റ്റാഫുകളെയും കെസിഎ നിയോഗിച്ചിട്ടുണ്ട്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സുരക്ഷയും വിലയിരുത്തി.

വ്യാഴാഴ്ചയാണ് മത്സരം. ഉച്ചയ്ക്ക് 1.30ന് തുടങ്ങുന്ന മത്സരത്തിനായി രാവിലെ 10 മുതല്‍ കാണികളെ പ്രവേശിപ്പിച്ച്‌ തുടങ്ങും. മൂന്ന് കോടിയോളം രൂപയുടെ ടിക്കറ്റുകളാണ് ഇതുവരെ കെസിഎ വിറ്റഴിച്ചിരിക്കുന്നത്. സ്കൂള്‍ കുട്ടികള്‍ക്ക് 50 ശതമാനം കുറഞ്ഞ നിരക്കിലാണ് ടിക്കറ്റ് നല്‍കുന്നത്. ഈ ടിക്കറ്റുകളും ഭൂരിഭാഗവും വിറ്റഴിഞ്ഞു.


LEAVE A REPLY

Please enter your comment!
Please enter your name here