കൽപ്പറ്റ: മഴക്കെടുതിയിൽ  രക്ഷാപ്രവർത്തനത്തിന്  വയനാട്ടിലെത്തിയ  സേനാംഗങ്ങൾക്ക് വിശ്രമമില്ല. വെള്ളപ്പൊക്കം രൂക്ഷമായതോടെ ഒറ്റപ്പെടുന്നവരെ സുരക്ഷിത സ്ഥാനങ്ങളിൽ എത്തിക്കുന്നതിനൊപ്പം ക്യാമ്പുകളിലേക്കുള്ള  ഭക്ഷ്യധാന്യങ്ങളുടെ കയറ്റിറക്കും നടത്താൻ സേന രംഗത്തുണ്ട്.

ദേശീയ ദുരന്തനിവാരണ സേനയിലെ  51 പേർ ,നാവിക സേനയിൽ നിന്നുള്ള 31 പേർ, ആർമിയിൽ നിന്നുള്ള 84 പേർ എന്നിവരടക്കം ഏകദേശം 160 ലധികം സൈനികരാണ്  വയനാട് ജില്ലയിൽ കഴിഞ്ഞ ഒരാഴ്ചയിലധികമായി  ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ളത്.
   ഉരുൾപൊട്ടൽ  ഉണ്ടായ സേട്ടുക്കുന്ന്,, അമ്മാറ, വൈത്തിരി , മക്കിമല, കുറിച്ചർമല  തുടങ്ങിയ സ്ഥലങ്ങളിലും വെള്ളപ്പൊക്കമുണ്ടായ മാനന്തവാടി, പനമരം, കോട്ടത്തറ ,വെണ്ണിയോട്, കൽപ്പറ്റ മണിയങ്കോട്, പാൽവെളിച്ചം എന്നിവിടങ്ങളിലും ഇവർ ഫയർഫോഴ്സിനും നാട്ടുകാർക്കുമൊപ്പം  രക്ഷാ പ്രവർത്തനത്തിനെത്തി. പലപ്പോഴും ഇവർ സഞ്ചരിക്കുന്ന ബത്തേരി ഡിപ്പോയിൽ നിന്നുള്ള കെ.എസ്. ആർ.ടി. സി. ബസ് തന്നെയാണ് ഇവരുടെ വിശ്രമ സ്ഥലം. എങ്കിലും ആർക്കും പരാതികളില്ല.
. സേനാംഗങ്ങൾ കെ.എസ്.ആർ.ടി.സി.  ബസുകളിലും ഇവരുടെ രക്ഷാ ഉപകരണങ്ങൾ ലോറിയിലുമാണ് ദുരന്ത സ്ഥലത്ത് എത്തിക്കുന്നത്.  ദേശീയ ദുരന്ത നിവാരണ  സേനയുടെ അസിസ്റ്റൻറ് കമ്മാൻഡന്റ് രാജൻ ബാലുവിന്റെ നേതൃത്വത്തിലാണ് ദുരിതാശ്വാസ പ്രവർത്തനങ്ങളും രക്ഷാപ്രവർത്തനങ്ങളും സൈന്യം നടത്തുന്നത്.  ചുരത്തിലെ അടിയന്തര സേവനങ്ങൾക്കും   വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടവരെ ഒഴിപ്പിക്കുന്നതിനൊപ്പം റോഡുകൾ ശരിയാക്കുന്നതിനും  മരങ്ങൾ വെട്ടി മാറ്റുന്നതിനും പൊട്ടിവീണ ഇലക്ട്രിക് പോസ്റ്റുകൾ നീക്കം ചെയ്യുന്നതിനും ഫയർഫോഴ്സിനൊപ്പം സജീവമാണ്.
ജില്ലയിലെ സർക്കാർ ജീവനക്കാർ ,സന്നദ്ധ സംഘടന പ്രതിനിധികൾ ,മത – രാഷ്ട്രീയ സംഘടനാ പ്രതിനിധികൾ എന്നിവരുൾപ്പടെ ആയിരകണക്കിന് പേരാണ് വയനാടിന്റെ ദുരന്തമുഖത്ത് രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസ പ്രവർത്തനത്തിലും സജീവമായിട്ടുള്ളത്. വളണ്ടിയർമാരെ ആവശ്യമുണ്ടന്ന് വാർത്ത വന്നതിനെ തുടർന്ന്  81 പേർ സന്നദ്ധ പ്രവർത്തനം തുടങ്ങി, ഇവർക്ക് ജില്ലാ ഭരണകൂടം   പ്രത്യേക തിരിച്ചറിയൽ കാർഡ് നൽകിയിട്ടുണ്ട്. 65- പേർ രജിസ്ട്രേഷൻ നടത്തിയിട്ടുണ്ട്. ഗ്രാമ പ്രദേശങ്ങളിൽ ക്യാമ്പിലെത്താതെ  ദുരിതമനുഭവിക്കുന്നവരുടെ വിവരങ്ങൾ ശേഖരിക്കുനതിന്  ഇനി  വളണ്ടിയർമാരെ ആവശ്യമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here