attappadi

സമൂഹത്തില്‍ നിന്നും എന്നും മാറ്റിനിര്‍ത്തപ്പെടുന്നവരാണു ആദിവാസി ജനവിഭാഗം. കാലം മാറിയെങ്കിലും ഇവരുടെ കഷ്ടപ്പാടുകള്‍ക്കും ദുരിതങ്ങള്‍ക്കും മാറ്റമൊന്നുമുണ്ടായിട്ടില്ല. സമുഹത്തിന്‍റെ മുഖ്യധാരയില്‍ നിന്നും അകന്നുമാറി, ആരോരും അറിയാതെ കാടുകളിലും മലയോരത്തും കഴിയാന്‍ മാത്രം വിധിക്കപ്പെട്ടവരാണിവരെന്നും ഇവര്‍ കള്ളമാരെന്നും കൊള്ളരുതായ്മകള്‍ കാണിക്കുന്നവരുമാണ് എന്നാണു പൊതുവെയുള്ള സമൂഹ കാഴ്ച്ചപ്പാട്. കാലം പുരോഗമിച്ചിട്ടും ആദിവാസികളോടുള്ള സമൂഹത്തിന്‍റെ ഈ മനോഭാവത്തിനു മാറ്റമുണ്ടായിട്ടില്ല. വര്‍ഷങ്ങളായുള്ള ഇവരുടെ ജീവിത സാഹചര്യത്തിനും മാറ്റം ഇന്നും അന്യം. സ്വന്തം തനിമകള്‍ നഷ്ടമാകുന്ന, ചൂഷണത്തിനു ഇരയാക്കപ്പെടുന്ന സമൂഹമായി ആദിവാസികള്‍ അനുദിനം പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നു.നാം ഇന്ന്‍ നേരം പുലരുമ്പോള്‍ കേട്ട ഒരു വാര്‍ത്ത സമൂഹ മനസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്. മല്ലിപ്പൊടി മോഷ്ടിച്ചുവെന്ന് ആരോപിച്ച് അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ നാട്ടുകാര്‍ തല്ലികൊന്നതാണ് വാര്‍ത്ത‍. അട്ടപ്പാടി കടുകുമണ്ണ ഊരിലെ 27 വയസ്സുള്ള മധുവിനെയാണ് പ്രദേശവാസികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച് മോഷ്ടാവെന്ന് ആരോപിച്ച് തല്ലികൊന്നത് . ഒരു വര്‍ഷം മുമ്പ് പ്രധാന മന്ത്രി നരേന്ദ്രമോഡി ഈ കേരളത്തെ സോമാലിയ എന്ന്‍ വിശേഷിച്ചപ്പോള്‍ കേരളം ഒന്നടങ്കം സോഷ്യല്‍ മീഡിയയിലൂടെ പ്രതിഷേധിച്ചു . അന്ന്‍ അട്ടപ്പടിയിലെയും വയനാട്ടിലെയും ഊരുകളില്‍ സൊമാലിയകളെ പോലെ ജീവിക്കുന്ന സമൂഹത്തില്‍ സ്വാതന്ത്ര്യം നിഷേധിക്കപെട്ട ഈ ജനതയെ കുറിച്ച് ഒരു സാമൂഹിക പ്രവര്‍ത്തകനും മിണ്ടിയിരുന്നില്ല . ഈ വിഭാഗത്തെ കുറിച്ച് ആരാണ് ചിന്തിക്കാന്‍ ആഗ്രഹിക്കുക . എങ്ങനെ ചിന്തിക്കാന്‍ കഴിയും എന്ന മലയാളിയുടെ മനോഭാവമാണ് കാരണം. തൊലി നിറം കറുപ്പാണെന്ന കാരണത്താല്‍ പണ്ട് ഇരുണ്ട യുഗ കാലത്ത് നടന്ന വര്‍ണ വിവേചനങ്ങളുടെ കറുത്ത ചരിത്രങ്ങള്‍ എടുത്തുകാട്ടി ലോകത്തിന് മാതൃകയായ ഇന്ത്യയെന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ സ്വതന്ത്ര രാജ്യത്തില്‍ ഉത്തരേന്ത്യന്‍ രക്തകറുപ്പിനെ മാറ്റിനിര്‍ത്തി മനസാക്ഷിയുടെ നല്ലമുഖമെന്ന ഖ്യാതിയുള്ള നമ്മള്‍ മലയാളികളുടെ ഇടയില്‍ ഇങ്ങനെ ഒരു വാര്‍ത്ത‍ അപലനീയം തന്നെ . ഒരു കാലത്ത് വര്‍ണ വിവേചനം വെള്ളക്കാരുടെ ഇടയില്‍ മാത്രം കാണപെടുന്ന ഒരു സ്വഭാവ സവിശേഷതയായിരുന്നു.ആ യൂറോപ്യന്‍ സംസ്കാരം എങ്ങനെയാണ് സാഹോദര്യത്തിന്റെ നല്ലമുഖമായിരുന്ന സാദാ മലയാളികളുടെ മുമ്പില്‍ രൂപപെട്ടത് എന്ന്‍ ഓര്‍ക്കുമ്പോള്‍ ദുഃഖം തോന്നുന്നു. ആദിവാസികളുടെ കാര്യത്തില്‍ മാത്രമല്ല പട്ടിണി മാറ്റാന്‍ തമിഴ്നാടില്‍ നിന്നും ബംഗാളില്‍ നിന്നും വന്നു കൂലി പണിയെടുക്കുന്നവരെ,പാണ്ടിയെന്നും ബംഗാളിയെന്നും വിളിച്ച് സമൂഹത്തില്‍ തരം താഴ്ത്തി അവരെ മര്‍ദിച്ചും മുതലാളി മനോഭാവത്തോടെ ജീവികുന്നവരായ നമ്മള്‍ മലയാളികളാണോ ഈ ദൈവത്തിന്റെ സ്വന്തം നാടെന്ന് സ്വയം വിശേഷിപിച്ച് ജീവികുന്നത്. ഇന്ന്‍ കേരളം ദൈവത്തിന്റെ നാടല്ല ഇത് സകല തെമ്മാടിത്തരങ്ങളുടെയും നാടായി മാറി കഴിഞ്ഞു. മലയാളികളുടെ അഹങ്കാരം നിറഞ്ഞ മനോഭാവം എന്ന്‍ മാറുമോ അന്നേ ഈ നാട് രക്ഷപ്പെടുകയുള്ളൂ. നല്ലേ നാളെക്കായി കാത്തിരിക്കാം എന്ന്‍ പറയുന്നതില്‍ അര്‍ത്ഥമില്ല. നല്ലേ നാളെക്കായി പ്രാര്‍ത്ഥിക്കാം………….


LEAVE A REPLY

Please enter your comment!
Please enter your name here