vikas-pedia-kochiകൊച്ചി: ഡിജിറ്റല്‍ യക്ഞ്ഞ്ത്തിന് സ്വീകാര്യതയായി വികാസ്പീഡിയ മലയാളം പോര്‍ട്ടല്‍ സന്ദര്‍ശിക്കുന്നവരുടെ എണ്ണം ഒന്നരക്കോടിയിലേക്കെത്തി. 2014 ല്‍ ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച പോര്‍ട്ടലിന്റെ സര്‍വ്വകാല റെക്കോര്‍ഡാണിത്. ഇംഗ്ലീഷും ഹിന്ദിയും കഴിഞ്ഞാല്‍ പ്രാദേശിക ഭാഷയില്‍ ഒന്നാമതെത്തുന്നത് മലയാളം പോര്‍ട്ടലാണ്. ഒരു ഭാഷാ പോര്‍ട്ടലിന് ലഭിക്കുന്ന ഏറ്റവും വലിയ സ്വീകാര്യതയാണ് വികാസ് പീഡിയയ്ക്ക് ലഭിച്ചിട്ടുള്ളത്. സംസ്ഥാനത്തെ വിവിധ വകുപ്പുകളില്‍ നിന്നുള്ള അറിയിപ്പുകളും വിവരങ്ങളും സൈബര്‍ സുരക്ഷയെക്കുറിച്ചുള്ള അന്വേഷണവുമാണ് പോര്‍ട്ടലിനെ ജനങ്ങളിലേക്ക് കൂടുതലായി എത്തിച്ചത്. നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായ ഡിജിറ്റല്‍ സാമ്പത്തീക സാക്ഷരത പ്രവര്‍ത്തനവും ഇതിനു തുണയായി. എട്ടു മാസത്തിനുള്ളിലാണ് ഒന്നരക്കോടി ആളുകള്‍ ഈ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത്. ഇവരില്‍ 81 ലക്ഷം പേരും പോര്‍ട്ടലില്‍ പ്രവേശിച്ചത് കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിലാണ്. അടുത്ത ഒരു മാസം കൊണ്ട് വികാസ് പീഡിയ മലയാളം പോര്‍ട്ടലിന്റെ ഹിറ്റ്‌ റേറ്റ് രണ്ട് കോടിയില്‍ എത്തിക്കുക എന്നതാണ് ലക്ഷ്യമെന്ന് വികാസ് പീഡിയ സംസ്ഥാന കോര്‍ഡിനേറ്റര്‍ സി വി ഷിബു പറഞ്ഞു. രാജ്യത്തെ ഓരോ പൗരനെയും വിവര ദാതാവും വിവരങ്ങള്‍ പങ്കിടുന്നവരുമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച വിജ്ഞാന വികസന പോര്‍ട്ടല്‍ ലക്ഷ്യസ്ഥാനത്തേക്ക് എത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. വികാസ് പീഡിയ പോര്‍ട്ടലിന്റെ മലയാളം പതിപ്പിന് നേരത്തെ ദേശീയ അംഗീകാരം ലഭിച്ചിരുന്നു. ഇതൊരു ബഹുഭാഷാ വിജ്ഞാനശേഖരമാണ്. 22 ഇന്ത്യന്‍ ഭാഷകളിലും ഇംഗ്ലീഷിലുമായി ആവശ്യമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ഓരോ പ്രദേശത്തിന്റെയും സമഗ്രവും സാമൂഹികവുമായ വികസനം നേടിയെടുക്കാനുള്ള അവശ്യ ഘടകങ്ങളെയാണ് ഈ പോര്‍ട്ടലില്‍ ചേര്‍ത്തുകൊണ്ടിരിക്കുന്നത്. വിവരസാങ്കേതിക വിദ്യ പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ട് സര്‍ക്കാരിന്റെയും സ്വകാര്യ മേഖലകളിലെയും വിവരങ്ങള്‍ പങ്കുവെക്കാനുള്ള ഒരു പൊതുഇടമാണ് വികാസ്പീഡിയ പോര്‍ട്ടല്‍. കേന്ദ്രസര്‍ക്കാരിന്റെ ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തിനു കീഴില്‍ ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കമ്പ്യൂട്ടിംഗ് (സീഡാക്) ആണ് ഈ പോര്‍ട്ടല്‍ വികസിപ്പിച്ചിരിക്കുന്നത്. രാജ്യത്ത് ഇന്റര്‍നെറ്റ് സൗകര്യം വ്യാപകമായതോടെ നാട്ടിലെങ്ങും വിവരശേഖരണത്തിനുള്ള ഉത്തമ ഉപാധിയായി വികാസ്പീഡിയ മാറിക്കഴിഞ്ഞു. മലയാളത്തില്‍ സമ്പൂര്‍ണ്ണ അറിവിന്‍റെ ഉറവിടമായി ഒരു ഓണ്‍ലൈന്‍ സര്‍വ്വ വിജ്ഞാനകോശമായി പോര്‍ട്ടലിനെ മാറുന്നതിന് ആയിരക്കണക്കിന് സന്നദ്ധ പ്രവര്‍ത്തകരാണ് വിവരദാതാക്കളായി പ്രവര്‍ത്തിക്കുന്നത്.

കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, ഊര്‍ജ്ജം, ഇ-ഭരണം തുടങ്ങിയ വിഷയങ്ങളിലായി പഴയതും പുതിയതുമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടിരിക്കുന്നതോടൊപ്പം ചര്‍ച്ചാ ഫോറവും വികാസ്പീഡിയ പോര്‍ട്ടലില്‍ ഉണ്ട്. പുതിയ കേന്ദ്ര-കേരള സര്‍ക്കാര്‍ പദ്ധതികള്‍, ആനുകൂല്യങ്ങള്‍, അറിയിപ്പുകള്‍, സ്‌കോളര്‍ഷിപ്പുകള്‍, പ്രവേശന പരീക്ഷകള്‍, ജോലി സാധ്യതകള്‍, ക്വിസ് തുടങ്ങിയ ബഹുവിധ മേഖലകളിലായാണ് വിവരങ്ങള്‍ ഉള്ളത്. എല്ലാ വിവരങ്ങളും പ്രാദേശിക ഭാഷകളിലും ദേശീയ ഭാഷയിലും ഇംഗ്ലീഷിലും ഉള്‍ക്കൊള്ളിച്ചിരിക്കുന്നതിനാല്‍ ഭാഷ പഠിക്കുന്നവര്‍ക്കും ഇതൊരു സഹായമാണ്. മലയാളത്തില്‍ ഏകദേശം നാല്‍പ്പതിനായിരത്തോളം പേജുകളിലായാണ് വിവരങ്ങള്‍ ഉള്ളത്.
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും.
പാവപ്പെട്ടവരും പിന്നോക്കാവസ്ഥയിലുമുള്ളവരുമായവര്‍ക്ക് അറിവ് പകരുക, പ്രഥമ വിവരങ്ങള്‍ നല്‍കുന്നവരുടെ ശാക്തീകരണം, സമൂഹത്തില്‍ താഴെത്തട്ടില്‍ സേവനം കൂടുതല്‍ എത്തിക്കുക, മാധ്യമ വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ വിവരശേഖരണവും, വിവരവിനിമയവും സാധാരണക്കാര്‍ക്ക് ലഭ്യമാക്കുക തുടങ്ങി പ്രധാനമായ വിവിധ വിഷയങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കുകയും ചെയ്യുക എന്ന ലക്ഷ്യങ്ങളോടെയാണ് വികാസ്പീഡിയ പ്രവര്‍ത്തനം ആരംഭിച്ചത്. വികാസ്പീഡിയയില്‍നിന്നുള്ള സേവനങ്ങളെല്ലാം സൗജന്യമാണ്. വിവരങ്ങള്‍ നല്‍കുന്ന എഴുത്തുകാരും, പോര്‍ട്ടലിന്റെ പ്രചരണത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നവരും വളണ്ടിയര്‍മാരാണ്.
വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയാണ് വികാസ്പീഡിയ കേരളയുടെ സ്റ്റേറ്റ് നോഡല്‍ ഏജന്‍സി. ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുന്നത് ഡബ്ല്യു എസ് എസ് എസാണ്.


LEAVE A REPLY

Please enter your comment!
Please enter your name here