mazhaകല്‍പ്പറ്റ: കൈയടിച്ചും പാട്ടു പാടിയും മഴയുടെ സൗന്ദര്യം നുകര്‍ന്ന് ഒരിക്കല്‍ കൂടി ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ താമരശ്ശേരി ചുരം ആസ്വദിച്ചിറങ്ങി. വയനാട് ലക്കിടിയിലെ ജില്ലാ അതിര്‍ത്തിയില്‍ നിന്നാണ് വിദ്യാര്‍ത്ഥികള്‍ താഴെ പതിനഞ്ചു കിലോമീറ്റര്‍ ദൂരത്തുള്ള അടിവാരത്തേക്ക് ഒരു പകല്‍ മുഴുവന്‍ എടുത്ത് നടന്നിറങ്ങിയത്. ഒന്‍പത് ഹെയര്‍ പിന്‍ വളവുകളടക്കം കടന്നു പോകുമ്പോള്‍ മനം കുളിര്‍പ്പിക്കുന്ന പ്രകൃതി ദൃശ്യങ്ങള്‍ കണ്ടാസ്വദിക്കുവാന്‍ കൂടി അവസരമൊരുക്കിയുള്ളതായിരുന്നു പ്രകൃതി സംരക്ഷണ ഏകോപന സമിതി, നാഷണല്‍ ഗ്രീന്‍ കോര്‍ എന്നിവയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട, പതിനൊന്നാമത് മഴയാത്ര. മഴയുടെ ധാരാളിത്വവും കോടമഞ്ഞിനിടിയിലുടെയുള്ള പച്ചപ്പും ആവാസവ്യവസ്ഥകളും കണ്ടായിരുന്നു യാത്ര. ഈ വര്‍ഷം കോഴിക്കോട് ജില്ലയില്‍ നിന്ന് 128 സ്‌കൂളുകളും വയനാട് ജില്ലയില്‍ നിന്ന് 36 സ്‌കൂളുകളും മഴയാത്രയില്‍ പങ്കാളികളായി. 13562 വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. ലോകത്തില്‍ പ്രകൃതിവിഷയത്തില്‍ പ്രതിവര്‍ഷം നടക്കുന്ന ഏറ്റവും വലിയ വിദ്യാര്‍ത്ഥി സംഗമമായി മാറിയിരിക്കുകയാണ്. താമരശ്ശേരി ചുരത്തിലൂടെ നടക്കുന്ന ‘മഴയാത്ര’.ഈ പ്രാവശ്യത്തെ മഴയാത്രയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത് പ്രശസ്ത വന്യജീവി ഫോട്ടോ ഗ്രാഫര്‍ എന്‍.എ.നസീര്‍ ആണ്. പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ.ശോഭീന്ദ്രന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൈകീട്ട് നാലോടെ അടിവാരത്താണ് മഴയാത്രയുടെ സമാപനം നടന്നത്. പതിനൊന്നാംവാര്‍ഷികത്തിന്റെ സ്മരണക്കായി കോഴിക്കോട് ജില്ലാകലക്ടര്‍ എന്‍ പ്രശാന്ത് ലക്കിടിയില്‍ ഓര്‍മമരം നട്ടു. കേരള പ്രകൃതി സംരക്ഷണ ഏകോപന സമിതി, നാഷണല്‍ ഗ്രീന്‍ കോര്‍ എന്നിവര്‍ മുഖ്യ സംഘാടകരായി സംഘടിപ്പിച്ച പരിപാടിക്ക് സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, വിദ്യാഭ്യാസം, വനം, പോലീസ്, ആരോഗ്യ വകുപ്പുകള്‍, പുതുപ്പാടി ഗ്രാമപഞ്ചായത്ത്, നിരവധി പ്രകൃതി-പരിസ്ഥിതി സംഘടനകള്‍ സഹകരിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം നടന്ന പത്താമത് മഴയാത്രയില്‍ ഏറ്റവും കൂടുതല്‍ കുട്ടികളെ പങ്കെടുപ്പിച്ചതിനുള്ള ഉപഹാരങ്ങള്‍ എം ഇ എസ് ഫാത്തിമ റഹീം എച്ച് എസ്എസ് (127 വിദ്യാര്‍ഥികള്‍), ചെമ്പനോട് റെയ്മണ്ട് മെമ്മോറിയല്‍ സ്‌കൂള്‍(108 വിദ്യാര്‍ഥികള്‍), ചാത്തമംഗലം ഗവണ്‍മെന്റ് വി എച്ച് എസ് എസ്(94 വിദ്യാര്‍ഥികള്‍) എന്നിവര്‍ ഏറ്റുവാങ്ങി. കഴിഞ്ഞ വര്‍ഷത്തെ യാത്രയില്‍ ഏറ്റവും നല്ല പരിസ്ഥിതിസന്ദേശ അവതരണത്തിന് ഉള്ള അവാര്‍ഡുകള്‍ മുക്കം പല്ലോട്ടി ഹില്‍ പബ്ലിക്ക് സ്‌കൂള്‍, പ്രോവിഡന്‍സ് ഗേള്‍സ് എച്ച് എസ് എസ് എന്നിവര്‍ക്ക് വിതരണം ചെയ്തു. മഴയാത്രയുടെ ഭാഗമായി നടത്തിയ ക്വിസ് മത്സരത്തില്‍ വിജയിച്ചവര്‍ക്കുള്ള ഉപഹാരങ്ങള്‍ വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

*