ദില്ലി: ലോക ഫുട്ബോളില്‍ വന്‍ശക്തിയല്ലെങ്കിലും ഫുട്ബോള്‍ ആസ്വാദനത്തില്‍ ലോകത്തിലെ മുന്‍നിര രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. കോടിക്കണക്കിന് പ്രേക്ഷകരുള്ള ഇന്ത്യയില്‍നിന്നും ചാനല്‍ സംപ്രേക്ഷണത്തിലൂടെ വലിയൊരു വരുമാനം ഫിഫ പ്രതീക്ഷിക്കുന്നുണ്ട്. ജൂണ്‍ 14ന് ആരംഭിക്കുന്ന ലോകകപ്പ് ഇന്ത്യയില്‍ സംപ്രേക്ഷണം ചെയ്യുന്നത് സോണി പിക്ചേഴ്സ് നെറ്റ്വര്‍ക്ക് ഇന്ത്യ ചാനലാണ്.

സോണിയുടെ ചാനലുകള്‍ വഴിയും ഓണ്‍ലൈന്‍ വഴിയും കളികാണാം. ഇതിലൂടെ 200 കോടി രൂപയുടെ പരസ്യവരുമാനമാണ് സോണി പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലെ 100 കോടിയിലധികം ആളുകളിലേക്കും കളി എത്തിക്കുകയാണ് ചാനലിന്റെ ലക്ഷ്യം. ഇതിനായി ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍ സംപ്രേക്ഷണമുണ്ടായിരിക്കും.

സോണി 10 2(Sony Ten 2)ല്‍ ഇംഗ്ലീഷ്, സോണി ടെന്‍ 3(Sony Ten 3)യില്‍ ഹിന്ദി, ബംഗാളി, മലയാളം ഓഡിയോയമായി സോണി ഇഎസ്പിഎന്‍ ഉം സജീവമായിരിക്കും. ചാനല്‍ വഴി കളി കാണാന്‍ കഴിയാത്തവര്‍ക്ക് സോണി ഓണ്‍ലൈന്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്. സോണി ലൈവ് (SonyLIV) വഴി ഓണ്‍ലൈനിലൂടെ കളി കാണാം.

ഓണ്‍ലൈന്‍ വഴി പണമടച്ചും സൗജന്യമായും കളി കാണാം. സൗജന്യമായി കാണുമ്ബോള്‍ 5 മിനിറ്റ് പിറകിലായിരിക്കും കളി എന്നുമാത്രം. 7-8 സ്പോണ്‍സര്‍മാരുമായി അടുത്തുതന്നെ കരാറില്‍ ഏര്‍പ്പെടുമെന്ന് സോണി പിക്ചേഴ്സിന്റെ സ്പോര്‍ട് ഡിസ്ട്രിബ്യൂഷന്‍ പ്രസിഡന്റ് രാജേഷ് കൗള്‍ പറഞ്ഞു. ഹീറോ മോട്ടോകോര്‍പ് സ്പോണ്‍സര്‍ ആകുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *

*