തിരുവനന്തപുരം: കേരളത്തില്‍ ഇക്കുറി കാലവര്‍ഷം എത്തിയത് കനത്ത നാശനഷ്ടവുമായി. മണ്‍സൂണ്‍ തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കാറ്റും മഴയും ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. കേരളത്തിലുടനീളം മഴ ശക്തമായതോടെ നാശനഷ്ടങ്ങളുടെ തോതും വര്‍ദ്ധിച്ചു. മിക്ക നദികളും കരകവിഞ്ഞു തുടങ്ങി. ഇതോടെ അണക്കെട്ടുകളുടെ ഷട്ടറും തുറന്നു. കടലും ക്ഷോഭത്തിലാണ്. പലയിടത്തും മണ്ണിടിച്ചിലും ജനങ്ങളെ ദുരിതത്തിലാക്കി. മലയോര മേഖലയിലെ ജനങ്ങളാകട്ടെ ഉരുള്‍പ്പൊട്ടലിന്റെ ഭീഷണിയിലുമാണ്. തീവണ്ടി ഗതാഗതവും പലയിടങ്ങളിലും തടസ്സപ്പെട്ടു.

കോട്ടയം ജില്ലയില്‍ മീനച്ചിലാറും മണിമലയാറും കരകവിഞ്ഞു തുടങ്ങി. അട്ടപ്പാടിയില്‍ ഭവാനിപ്പുഴയും കരകവിഞ്ഞു. നദികള്‍ക്ക് കുറുകെയുള്ള പാലങ്ങളും മറ്റും വെള്ളത്തിനടിയിലായതോടെ യാത്രാ തടസ്സവും ജനങ്ങളെ ദുരിതത്തിലാക്കുന്നു. മരം വീണതിനെ തുടര്‍ന്നു ചിങ്ങവനത്തു കോര്‍ബ എക്സ്‌പ്രസ് അര മണിക്കൂറോളം പിടിച്ചിട്ടു. വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്കാണ്.

രണ്ടു ദിവസത്തിനുള്ളില്‍ 154 വീടുകള്‍ തകര്‍ന്നു. ഈരാറ്റുപേട്ട തെക്കേക്കരയില്‍ മണ്ണിടിഞ്ഞു. കുട്ടികളടക്കം നിരവധി പേരാണ് മഴക്കെടുതിയില്‍ മരിച്ചു വീഴുന്നത്. അ്ടപ്പാടിയില്‍ കനത്ത കാറ്റിലും മഴയിലും വ്യാപക കൃഷിനാശം സംഭവിച്ചിട്ടുണ്ട്. നിരവധി മരങ്ങള്‍ കടപുഴകി വീണു. പ്രദേശിക റോഡുകളെല്ലാം തകര്‍ന്നു ഗതാഗത യോഗ്യമല്ലാതായി. പലയിടങ്ങളിലും ഇലക്‌ട്രിക് പോസ്റ്റുകളില്‍ മരങ്ങള്‍ വീണ് വൈദ്യുത സംവിധാനവും ഏറെക്കുറെ നിലച്ച മട്ടാണ്.

നിരവധി കര്‍ഷകരുടെ വാഴക്കൃഷി നശിച്ചിട്ടുണ്ട്. നഷ്ടത്തിന്റെ തോത് കണക്കാക്കി വരുന്നു. ചുരത്തിലും കനത്ത മഴ തുടരുന്നത് അട്ടപ്പാടിയിലേക്കുള്ള യാത്ര ദുശ്കരമാക്കിയിരിക്കുകയാണ്. ഏത് സമയവും മണ്ണിച്ചിലിനുള്ള സാധ്യതയുള്ളതിനാല്‍ രാത്രിയിലുള്ള യാത്ര ഒഴിവാക്കുന്നായിരിക്കും അഭികാമ്യമെന്ന് നാട്ടുകാര്‍ പറയുന്നു. ഭവാനിപ്പുഴ പലയിടങ്ങളിലും കരകവിഞ്ഞൊഴുകുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. കൃഷി ആവശ്യത്തിനായി പുഴക്കരയില്‍ സ്ഥാപിച്ചിരുന്ന പമ്ബ് ഹൗസുകളിലെല്ലാം വെള്ളം കയറി നശിച്ചു.

ഇടുക്കി ജില്ലയില്‍ ഒട്ടേറെയിടങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി. ആനച്ചാല്‍ ആലിന്‍ചുവടിനു സമീപം മൂന്നാര്‍ റോഡില്‍ നിര്‍മ്മാണത്തിലിരുന്ന നാലുനില റിസോര്‍ട്ട് തകര്‍ന്നുവീണു. തേക്കടിയിലെ ബോട്ടിങ്, ബാംബൂ റാഫ്റ്റിങ് എന്നിവ നിര്‍ത്തിവച്ചു. ഇന്നലെ ഉച്ചയ്ക്കു ശേഷമുള്ള ട്രിപ്പുകള്‍ ഉപേക്ഷിച്ചു. ഇന്നും ബോട്ടിങ് ഉണ്ടാവില്ല. കാലാവസ്ഥ അനുകൂലമാണെങ്കില്‍ നാളെ മുതല്‍ സര്‍വീസ് പുനരാരംഭിക്കും.

നീരൊഴുക്കു ശക്തമായതോടെ കല്ലാര്‍കുട്ടി അണക്കെട്ടിന്റെ അഞ്ചു ഷട്ടറുകളും ഇന്നലെ ഒരടി വീതം ഉയര്‍ത്തി. ലോവര്‍ പെരിയാര്‍ അണക്കെട്ടിന്റെ ലോവര്‍വെന്റ് 1.5 മീറ്ററും ഷട്ടര്‍ 30 സെന്റിമീറ്ററും ഉയര്‍ത്തി. മഴയും നീരൊഴുക്കും ശക്തമായി തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ വെള്ളം തുറന്നുവിടേണ്ടി വരുമെന്നു കെഎസ്‌ഇബി അധികൃതര്‍ വ്യക്തമാക്കി.

മലങ്കര ഡാമിലെ നാലു ഷട്ടറുകള്‍ തുറന്നു. മൂന്നു ഷട്ടറുകള്‍ 50 സെന്റിമീറ്റര്‍ വീതവും ഒരു ഷട്ടര്‍ ഒരു മീറ്ററും ആണ് ഉയര്‍ത്തിയത്. പത്തനംതിട്ട ജില്ലയിലെ മൂഴിയാര്‍ ഡാം തുറക്കുമെന്നു മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. കുരുമ്ബന്മുഴി കോസ്വേ വെള്ളത്തില്‍ മുങ്ങിയതോടെ കുരുമ്ബന്മുഴി, മണക്കയം ആദിവാസി കോളനികളിലെ 400 വീടുകള്‍ ഒറ്റപ്പെട്ടു. ഇവിടെ രണ്ടായിരത്തോളം പേര്‍ താമസിക്കുന്നുണ്ട്.

കാലവര്‍ഷം കനത്തതോടെ സംസ്ഥാനത്തെ അണക്കെട്ടുകളില്‍ കഴിഞ്ഞ വര്‍ഷം ഇതേ സമയം ലഭിച്ചിരുന്നതിന്റെ മൂന്നിരട്ടി വെള്ളമാണ് ഉള്ളത്. എല്ലാ അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശത്തും മഴ ശക്തമാണ്. ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് പത്തനംതിട്ടയിലെ കക്കിയില്‍ 256 മില്ലിമീറ്റര്‍. കുറഞ്ഞ മഴ ഇടമലയാറില്‍ 95 മില്ലിമീറ്റര്‍. ഒരു ദിവസത്തെ മഴയില്‍ 162 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ആവശ്യമായ വെള്ളമാണ് അണക്കെട്ടുകളിലേക്ക് എത്തിയത്. അണക്കെട്ടുകളില്‍ ഇപ്പോള്‍ 1205.73 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനാവശ്യമായ വെള്ളം ഉണ്ട്. കഴിഞ്ഞവര്‍ഷം ഇതേ ദിവസം 415.641 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ആവശ്യമായ വെള്ളം മാത്രമാണ് ഉണ്ടായിരുന്നത്.

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് നാല് അടി ഉയര്‍ന്ന് 2329.06 അടിയിലെത്തി. സംഭരണശേഷിയുടെ 29.48 ശതമാനം വെള്ളം അണക്കെട്ടില്‍ ഇപ്പോഴുണ്ട്. ഇന്നലെ 64.705 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ആവശ്യമായ വെള്ളം ഡാമില്‍ ഒഴുകിയെത്തി. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം ഡാമില്‍ 2300.46 അടിവെള്ളം ഉണ്ടായിരുന്നു. ജലനിരപ്പ് സംഭരണ ശേഷിക്ക് ഒപ്പം എത്തിയതിനെത്തുടര്‍ന്ന് ഇടുക്കി ജില്ലയിലെ മലങ്കര, കല്ലാര്‍കുട്ടി ഡാമുകള്‍ തുറന്നു വിട്ടിരുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 122 അടിയായി ഉയര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *

*