കണ്ണൂർ: കണ്ണൂർ  ജില്ലയിൽ ഡിജിറ്റൽ സാക്ഷരത സജീവമാക്കാൻ തീരുമാനം.   കണ്ണൂർ ജില്ലയുടെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനായ വി ആർ കണ്ണൂർ  എന്ന ആപ്പിന്റെ വ്യാപനത്തിനും ഓൺലൈൻ  സേവനങ്ങളുടെ ഏകോപനത്തിനും പ്രാദേശികാടിസ്ഥാനത്തിൽ ഉള്ള ബോധവൽക്കരണത്തിനും ഡിജിറ്റൽ കർമ്മസേന രൂപീകരിച്ചു. സർക്കാർ ജീവനക്കാരും അക്ഷയ കോമൺ സർവീസ് കേന്ദ്രങ്ങളുടെ സംരംഭകരും സന്നദ്ധ പ്രവർത്തകരും ചേർന്നാണ് ഡിജിറ്റൽ കർമ്മ സേന രൂപീകരിച്ചത്. കണ്ണൂർ ജില്ലാ ഇ – ഗവേണൻസ് സൊസൈറ്റിയും, കണ്ണൂർ  ജില്ലാ ഭരണകൂടവും  നാഷണൽ ഇൻഫർമാറ്റിക് സെൻററും,  കേരള സംസ്ഥാന ഐ.ടി.മിഷനും,   കേന്ദ്ര സർക്കാരിന്റെ ഇലക്ട്രോണിക്സ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി ഡിപാർട്ട്മെന്റിന് കീഴിലെ ഓൺലൈൻ പോർട്ടലായ വികാസ് പീഡിയ കേരളയും വികാസ് പീഡിയ നോഡൽ ഏജൻസിയായ വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റിയും ചേർന്നാണ് കർമ്മസേന രൂപീകരിച്ചത്.

 സർക്കാർ, അർദ്ധ സർക്കാർ, സ്വകാര്യ ഓൺലൈൻ സേവനങ്ങൾ, ഡിജിറ്റൽ സാക്ഷരത, ഡിജിറ്റൽ സാമ്പത്തിക സാക്ഷരത, സോഷ്യൽ മീഡിയ,സൈബർ സെക്യൂരിറ്റി, തുടങ്ങി എല്ലാ ഡിജിറ്റൽ ഓൺലൈൻ സംവിധാനങ്ങളും  സേവനങ്ങളും  സാധാരണ ജനങ്ങളിൽ എത്തിക്കുന്നതിന് ബോധവൽക്കരണം നടത്തും. കോഡിനേഷൻ,   ബോധവൽക്കരണം ,സാങ്കേതിക സഹായം, സമൂഹ മാധ്യമങ്ങൾ   എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി എൻപതോളം പേർ അടങ്ങുന്ന  ഡിജിറ്റൽ കർമ്മ സേന ജില്ലാ ഇൻഫർമാറ്റിക് ഓഫീസർ    ആൻഡ്രൂസ് വർഗീസ്, ജില്ലാ ഇ-ഗവേണൻസ് സൊസൈറ്റി ഡിസ്ട്രിക്ട് പ്രൊജക്ട് മാനേജർ  സി.എം മിഥുൻ കൃഷ്ണ , വികാസ് പീഡിയ സ്റ്റേറ്റ് കോഡിനേറ്റർ സി.വി.ഷിബു എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ കലക്ടർ മിർ മുഹമ്മദ് അലി ഐ.എ.എസിന്റെ  പൂർണ്ണ നിയന്ത്രണത്തിലായിരിക്കും  ഡിജിറ്റൽ കർമ്മ സേന  പ്രവർത്തിക്കുക.

 കലക്‌ട്രേറ്റ്  കോൺഫറൻസ് ഹാളിൽ    നടന്ന ഏകദിന ശില്പശാല കണ്ണൂർ  ജില്ലാ കലക്ടർ മിർ മുഹമ്മദ് അലി   ഉദ്ഘാടനം ചെയ്തു. എ.ഡി.എം. ഇ മുഹമ്മദ് യൂസഫ്   അധ്യക്ഷത വഹിച്ചു. വികാസ്പീഡിയ സ്റ്റേറ്റ് കോഡിനേറ്റർ സി.വി. ഷിബു വിഷയാവതരണം നടത്തി. ജില്ലാ ഇൻഫർമാറ്റിക് ഓഫീസർ ആൻഡ്രൂസ് വർഗീസ് ഡിജിറ്റൽ ഇൻഡ്യയുമായി  ബന്ധപ്പെട്ട്   മുഖ്യപ്രഭാഷണം നടത്തി.     ജില്ലാ ഇ-ഗവേണൻസ് സൊസൈറ്റി  ഡിസ്ട്രിക്ട് പ്രൊജക്ട് മാനേജർ  സി.എം. മിഥുൻ കൃഷ്ണ ആമുഖ പ്രഭാഷണം നടത്തി, പ്ലാനിംഗ്‌ ഓഫീസറും  ജില്ലാ അക്ഷയ കോഡിനേറ്ററുമായ  കെ.പ്രകാശൻ,   അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ അബ്ദുൾ കരീം, ജില്ലാ ഐ.ടി. സെൽ കോഡിനേറ്റർ   ഉമ്മർ ഫറൂഖ്  തുടങ്ങിയവർ പ്രസംഗിച്ചു.

 കേരള സർക്കാറിന്റെ പ്രധാന പദ്ധതികളായ എം കേരളയുടേയും, കേരള പബ്ലിക് വൈഫൈയുടേയും, ജില്ലാ ഭരണകൂടത്തിന്റെ “വി ആർ കണ്ണൂർ”ഔദ്ധ്യോഗിക മൊബൈൽ അപ്ലിക്കേഷനുമായി ബന്ധപ്പെട്ട  ക്ലാസും, സംശയനിവാരണവും ജില്ലാ ഐടി മിഷൻ ജില്ലാ പ്രൌജക്ട് മാനേജറായ ശ്രീ.മിഥുൻ കൃഷ്ണ സി.എം കൈകാര്യം ചെയ്തു. ഇതുകൂടാതെ ജി.എസ്.ടിയെക്കുറിച്ച്  സ്റ്റേറ്റ് ടാക്സ് ഓഫീസർ ടി..മനോജ്, മോട്ടോർ വാഹന വകുപ്പിലെ  ഓൺലൈൻ സേവനങ്ങളെക്കുറിച്ച്  എം.വി.ഐ. ബേബി ജോൺ, അക്ഷയ സേവനങ്ങളെക്കുറിച്ച്   ഷാജി അലക്സ്,   വികാസ് പീഡിയയെക്കുറിച്ച് ടെക്നിക്കൽ ഹെഡ് ജുബിൻ അഗസ്റ്റ്യൻ  എന്നിവർ ക്ലാസ്സുകൾ എടുത്തു.

പൊതുജനങ്ങളുടെ ഡാറ്റാ സുരക്ഷയുമായി ബന്ധപ്പെട്ട്ചർച്ചകളും നടന്നു.  അനധികൃത ഓണ്‍ ലൈ‍ന്‍ കേന്ദ്രങ്ങളിൽ പൊതുജനങ്ങൾ ചൂഷണത്തിന് വിധേയരാവുന്നുണ്ടെന്നും സർക്കാർ സേവനങ്ങൾക്ക്  അക്ഷയകേന്ദ്രങ്ങളെ ആശ്രയിക്കണമെന്നും ശിൽപ്പശാലയിൽ നിർദ്ദേശം ഉയർന്നു വന്നു.  ഇതുമായി ബന്ധപ്പെട്ട തുടർ ശിൽപ്പശാലകൾ വരും മാസങ്ങളിൽ നടക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

*