തിരുവനന്തപുരം: കേരളത്തിലെ രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന് വിട്ടുനല്‍കാനുള്ള തീരുമാനത്തിനെതിരെ ഹൈക്കമാന്‍ഡിന് മുന്നില്‍ പരാതി പ്രളയം. കേരളത്തിലെ മൂന്ന് നേതാാക്കന്മാര്‍ ചേര്‍ന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് പരാതി. പാര്‍ട്ടിയില്‍ കൂടിയാലോചിച്ച്‌ തീരുമാനിക്കേണ്ട കാര്യം ചില നേതാക്കന്മാര്‍ മാത്രം തീരുമാനിക്കുന്നത് ശരിയല്ല. കേരളത്തിലെ രാജ്യസഭാ സീറ്റ് സംബന്ധിച്ച്‌ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് രാഹുല്‍ ഗാന്ധിയുടെ മുന്നില്‍ കാര്യങ്ങള്‍ വേണ്ട രീതിയില്‍ അവതരിപ്പിച്ചില്ലെന്നും ആക്ഷേപമുണ്ട്.

അതേസമയം, തീരുമാനം കേരളത്തിലെ 99 ശതമാനം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും ആത്മാഭിമാനത്തിനേറ്റ ക്ഷതമാണെന്നും പുനപരിശോധിക്കണമെന്നും രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടതായി കോണ്‍ഗ്രസ് നേതാവ് മാത്യൂ കുഴല്‍നാടന്‍ പറഞ്ഞു. പാര്‍ട്ടിയെ ബലി കൊടുത്ത് ചില നേതാക്കന്മാരുടെ താത്പര്യമാണ് നടപ്പിലാക്കിയത്. ഇക്കാര്യത്തില്‍ കേരളത്തിലെ നേതാക്കള്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് മറുപടി പറയണം. ഇക്കാര്യം രാഹുല്‍ ഗാന്ധിയുമായി സംസാരിച്ചു. കാര്യങ്ങള്‍ മനസിലായ രീതിയിലാണ് അദ്ദേഹം മറുപടി നല്‍കിയതെന്നും മാത്യൂ കുഴല്‍നാടന്‍ വ്യക്തമാക്കി. ഡല്‍ഹിയില്‍ മാദ്ധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിനിടെ സംസ്ഥാനത്ത് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പ്രതിഷേധം പുകയുകയാണ്. ആലപ്പുഴയില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അഭിവാദ്യം അര്‍പ്പിച്ച്‌ സ്ഥാപിച്ചിരുന്ന ഫ്ലക്‌സ് ബോര്‍ഡില്‍ കരിഓയില്‍ ഒഴിച്ചു. ഇന്നലെ രാത്രിയോടെയാണ് സംഭവമെന്നാണ് കരുതുന്നത്. തീരുമാനത്തില്‍ പ്രതിഷേധിച്ച്‌ വിദ്യാര്‍ത്ഥി യുവജന സംഘടനകള്‍ കെ.പി.സി.സി ആസ്ഥാനത്തേക്ക് മാര്‍ച്ച്‌ നടത്തിയേക്കുമെന്നും വിവരമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

*