വരാപ്പുഴയിലെ ശ്രീജിത്തിൻ്റെ കസ്റ്റഡിമരണം നടന്നിട്ട് ഇത്രയേറെ ദിവസങ്ങൾ പിന്നിട്ടിട്ടും ഇതേവരെ യഥാർത്ഥ പ്രതികളെ കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്യാനോ നിയമനടപടികൾക്ക് വിധേയരാക്കാനോ സാധിച്ചിട്ടില്ല. ഇതിനെല്ലാം കാരണക്കാരായ പോലീസിലെ ഉന്നതരേയും സി.പി.എമ്മിലെ ബന്ധപ്പെട്ടവരേയും സംരക്ഷിച്ചെടുക്കാനുള്ള ബദ്ധപ്പാടിലാണ് പോലീസും സർക്കാരും. പ്രത്യേക അന്വേഷണ സംഘത്തിൻ്റെ പ്രവർത്തനങ്ങൾ പാളിപ്പോയ മട്ടിലാണ്.

വാസുദേവൻ്റെ ആത്മഹത്യയ്ക്ക് ഇടവരുത്തിയ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിലും പോലീസ് പരാജയപ്പെട്ടു.
ശ്രീജിത്തിനെ രാക്ഷസീയമായി കൊലപ്പെടുത്തിയ ഈ സംഭവത്തിൽ യഥാർത്ഥ കുറ്റവാളികളെയെല്ലാം കണ്ടെത്തുന്നതിന് എത്രയും വേഗത്തിൽ കേസ് അന്വേഷണം സി. ബി.ഐക്ക് കൈമാറുന്നതാണ് ഉചിതമായിട്ടുള്ളത്. ദുരഭിമാനം വെടിഞ്ഞ് ശ്രീജിത്തിൻ്റെ കസ്റ്റഡി മരണത്തിൻ്റെ അന്വേഷണം സി.ബി.ഐയെ ഏൽപ്പിക്കുന്നതിന് സർക്കാർ ഇനിയെങ്കിലും തയ്യാറാകണം. മനുഷ്യാവകാശ കമ്മീഷൻ്റെ ഇക്കാര്യത്തിലുള്ള നിർദ്ദേശം ഏറെ പ്രസക്തമാണ്.
ശ്രീജിത്തിൻ്റെ കുടുംബത്തിൻ്റെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണം. സർക്കാരിൻ്റെ കീഴിലുള്ള പോലീസ് സംവിധാനം തന്നെയാണ് ശ്രീജിത്തിൻ്റെ ജീവിക്കാനുള്ള അവകാശം നിഷേധിച്ചത് എന്നതുകൊണ്ട് അർഹവും ന്യായവുമായ നഷ്ടപരിഹാരം ശ്രീജിത്തിൻ്റെ കുടുംബത്തിന് നൽകാനുള്ള ബാധ്യത സർക്കാരിനുണ്ട്. ആദ്യ ഗഡുവായി 25 ലക്ഷം രൂപയെങ്കിലും നൽകിയേ മതിയാകൂ. ശ്രീജിത്തിൻ്റെ ഭാര്യ അഖിലയ്ക്ക് അർഹമായ സർക്കാർ ജോലി നൽകാനും സർക്കാർ തയ്യാറാകണം.

Leave a Reply

Your email address will not be published. Required fields are marked *

*