സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ കേരളത്തിലും ആശങ്കാജനകമായ നിലയിൽ വർദ്ധിച്ചുവരികയാണ്.
അതിഗുരുതരമായ കുറ്റകൃത്യങ്ങളിലും കുറ്റകരമായ നിഷ്ക്രിയതയാണ് പോലീസ് സ്വീകരിച്ചുവരുന്നത്. സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ സമ്മർദ്ദവും കുറ്റവാളികൾക്കു സംരക്ഷണം ഒരുക്കുന്ന നിലപാടുമാണ് ഇത്തരമൊരു അവസ്ഥയ്ക്ക് ഇടവരുത്തുന്നത്.
കോടഞ്ചേരിയിൽ 7 വയസ്സുള്ള പെൺകുട്ടിയെ വീട്ടിൽ ചെന്ന് പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പോസ്കോ നിയമപ്രകാരം കേസെടുത്തെങ്കിലും ഇതുവരെ പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല. ഇതേക്കുറിച്ച് റൂറൽ എസ്പിക്ക് പരാതി നൽകിയെങ്കിലും നാളിതുവരെ യാതൊരു തുടർ നടപടിയും  ഉണ്ടായിട്ടില്ല. പ്രതി സ്വൈര വിഹാരം നടത്തുകയാണ്. രാഷ്ട്രീയ സംരക്ഷണത്തിലുള്ള പ്രതിയെ തൊടാൻ പോലീസ് മടിച്ചുനിൽക്കുകയാണ്.
ഈ കേസിലെ കുറ്റവാളിയുടെ  സഹോദരനും മറ്റ് ആറ് പേരും ചേർന്ന് ഈ പെൺകുട്ടിയുടെ പിതാവിനെയും ഗർഭിണിയായ മാതാവിനെയും മർദ്ദിച്ചു. അതിന്റെ ഫലമായി മാതാവിൻ്റെ നാലര മാസം പ്രായമായ ഗർഭസ്ഥശിശു മരണപ്പെടുകയും ചെയ്തു. ഈ സംഭവത്തിൽ ഉചിതമായ വകുപ്പുകൾ പ്രകാരം പോലീസ് കേസ് എടുത്തിട്ടില്ലെന്നാണ് അറിയുന്നത്. ഭവനഭേദനം, ഭർത്താവിൻ്റെ താടിയെല്ലിനും പല്ലിനും ക്ഷതമേൽപ്പിക്കൽ, കുടുംബത്തിനുണ്ടായ മാനഹാനി, കുട്ടികൾക്ക് നേരെ നടന്ന ആക്രമണം ഇക്കാര്യങ്ങളിലൊന്നും ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തിട്ടില്ല. ഇതിൻ്റെ പിന്നിൽ ശക്തമായ രാഷ്ട്രീയ സമ്മർദ്ദമുണ്ട്.
ഇതിൽപെട്ട പ്രതികൾ ജാമ്യത്തിൽ ഇറങ്ങിയിരിക്കുകയാണ്. ഇക്കൂട്ടരുടെ ഭീഷണി ഭയന്ന് സ്വന്തം വീട്ടിൽ താമസിക്കാനാകാത്ത അവസ്ഥയിൽ ആണ് ഈ കുടുംബം.
വേളംകോട് സിപിഎം ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിലും പൊതുയോഗത്തിലും ഈ കുടുംബത്തിന് അപമാനകരമായ പ്രസംഗങ്ങളും ഭീഷണിപ്പെടുത്തുന്ന മുദ്രാവാക്യങ്ങളും ഉണ്ടായി.
ഇതേക്കുറിച്ച് പൊലീസിന് പരാതി നൽകിയെങ്കിലും അനങ്ങാപ്പാറ നയമാണ് പോലീസ് സ്വീകരിച്ചത്.
ഒരുഭാഗത്ത് പോലീസ് അതിക്രമം മറുഭാഗത്ത് തികഞ്ഞ നിഷ്ക്രിയത. എല്ലാം സിപിഎം പ്രാദേശിക നേതൃത്വത്തെ പ്രീണിപ്പിക്കാൻ വേണ്ടി. സിപിഎം നേതാക്കളുടെ വരുതിയിൽ നിന്നു കൊണ്ടുള്ള പോലീസിന്റെ കുറ്റകരമായ ഇൗ പ്രവർത്തന ശൈലി കേരളത്തിന് തീരാക്കളങ്കം വരുത്തിയിരിക്കുകയാണ്.
കോടഞ്ചേരിയിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ  ശ്രമിച്ച ക്രിമിനലിനെ തുറുങ്കിലടയ്ക്കുന്നതിന്  അടിയന്തിര നിയമനടപടികൾ സ്വീകരിക്കാൻ പൊലീസ് ഇനിയും വൈകരുത്. ആ കുടുംബത്തിൻറെ സർവ്വ പരാതികളിലും ഉടനെ നടപടി വേണം. ഇക്കാര്യം ആവശ്യപ്പെട്ട് ഡിജിപിക്ക് കത്ത് നൽകിയിട്ടുണ്ട്.
ലോകത്തിന്റെ മുന്നിൽ അപമാനഭാരം കൊണ്ട് സമസ്ത ഭാരതീയരുടെയും ശിരസ്സ് താഴാൻ ഇടവരുത്തിയ കത്വ, ഉന്നോവ സംഭവങ്ങളിൽ ജനങ്ങൾ ഒന്നടങ്കം പ്രതിഷേധിക്കുമ്പോൾ കേരളത്തിൽ സിപിഎം നേതൃത്വം നൽകുന്ന സർക്കാരിന്റെ കീഴിൽ പോലീസും സി.പി.എമ്മും ഒത്തുചേർന്ന് നടത്തുന്ന ഇത്തരം കിരാത സംഭവങ്ങളെ സി.പി.എം. കേന്ദ്രനേതൃത്വം കണ്ടില്ലെന്ന് നടിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

*