പ്രണയ വിവാഹത്തെത്തുടർന്ന്  തട്ടിക്കൊണ്ടുപോകപ്പെട്ട കെവിൻ തികച്ചും ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട സംഭവം പോലീസിന്റെ കൃത്യവിലോപത്താൽ നടന്നുവരുന്ന ദുരന്ത പരമ്പരകളുടെ തുടർച്ചയാണ്.

പോലീസ് ഒന്നുകിൽ നടപടികൾ സ്വീകരിക്കുന്നതിൽ ഗുരുതരമായ വീഴ്ച വരുത്തുന്നു. അല്ലെങ്കിൽ അതിക്രൂരമായ അതിക്രമങ്ങൾ നടത്തുന്നു. കേരളത്തിൽ മുമ്പൊന്നും ഇല്ലാത്ത രീതിയിൽ ഇതെല്ലാം വ്യാപകമായിരിക്കുകയാണ്.
അനുഭവങ്ങളിൽ നിന്നും പാഠങ്ങൾ ഉൾക്കൊള്ളാനോ പ്രവർത്തന ശൈലിയിലും സമീപനത്തിലും ആവശ്യമായ മാറ്റങ്ങൾ വരുത്താനോ പോലീസിന്റെ തലപ്പത്തിരിക്കുന്നവർക്കാകുന്നില്ല. പോലീസിൻ്റെ രാഷ്ട്രീയവൽക്കരണവും അതിന്റെ അടിസ്ഥാനത്തിൽ പൊലീസിന് നിരക്കാത്ത പ്രവർത്തനങ്ങളെ പരസ്യമായി ന്യായീകരിക്കുന്ന മുഖ്യമന്ത്രിയുടെ രീതിയും കേരളത്തെ എത്തിച്ചിട്ടുള്ളത് ആർക്കും എന്തും ചെയ്യാം എന്ന അവസ്ഥയിലേക്കാണ്.
മനുഷ്യജീവന് തെല്ലും വിലയില്ലാത്ത ഈ സ്ഥിതി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളേക്കാൾ മോശമായ നിലയിലേക്ക് കേരളവും എത്തിച്ചേരുന്ന സാഹചര്യത്തിന് ഇടവരുത്തിയിരിക്കുകയാണ്. ക്വട്ടേഷൻ സംഘങ്ങളും ക്രിമിനൽ കൂട്ടങ്ങളും ഭരണകക്ഷി സ്വാധീനത്തോടെ അഴിഞ്ഞാടുന്ന ഈ ദുരവസ്ഥയ്ക്ക് മുഖ്യമന്ത്രി തന്നെയാണ് ഉത്തരവാദി. തനിക്ക് നേരെ ചൊവ്വേ ഭരണം നടത്താനറിയില്ലെന്ന് ആവർത്തിച്ച് തെളിയിച്ച മുഖ്യമന്ത്രി ഇനിയെങ്കിലും തൽസ്ഥാനം ഒഴിയാൻ വൈകുന്ന ഓരോ നിമിഷവും ജനങ്ങൾക്ക് ആപൽക്കരമാണ്.

Leave a Reply

Your email address will not be published. Required fields are marked *

*