അക്രമരാഷ്ട്രീയത്തിനും വര്‍ഗീയ ഫാസിസത്തിനുമെതിരേ കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍ നയിക്കുന്ന  ജനമോചനയാത്ര ഏപ്രില്‍ 7ന് കാസര്‍ഗോഡ് ചെര്‍ക്കളത്ത് നിന്നും  ആരംഭിക്കുമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി അറിയിച്ചു.  കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്റണി  വൈകുന്നേരം 4 മണിക്ക്  കെ.പി.സി.സി. പ്രസിഡന്റ് എം.എം.ഹസന് പാര്‍ട്ടി പതാക കൈമാറി ജനമോചനയാത്ര ഉദ്ഘാടനം ചെയ്യും. പതിന്നാല് ജില്ലയിലും പര്യടനം നടത്തുന്ന ജനമോചനയാത്ര ഏപ്രില്‍ 25 ന് തിരുവനന്തപുരത്ത് സമാപിക്കും.
8 ന് യാത്ര കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കും. പയ്യന്നൂര്‍ ഗാന്ധിമൈതാനത്ത് രാവിലെ 10 നും വൈകുന്നേരം 4 ന്  കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറിലുമായി രണ്ട് സ്വീകരണ വേദികളാണുള്ളത്. കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറിലെ യോഗ സ്ഥലത്ത് വച്ച് പാര്‍ട്ടി സ്വരൂപിച്ച   ഷുഹൈബ് കുടംബസഹായ ഫണ്ട് എ.കെ.ആന്റണി ഷുഹൈബിന്റെ കുടുംബത്തിന് കൈമാറും.
9 തിങ്കളാഴ്ച വൈകുന്നേരം 4 ന് വയനാട് ജില്ലയിലെ മാനന്തവാടിയിലെ സ്വീകരണം. 10-ാം തീയതി ചൊവ്വാഴ്ച ജനമോചനയാത്ര കോഴിക്കോട് ജില്ലയില്‍ പര്യടനം നടത്തും.  വൈകുന്നേരം  4 ന് കുറ്റ്യാടിയിലും 6 ന്  മുതലക്കുളം മൈതാനത്തുമാണ് ജില്ലയില്‍ സ്വീകരണം. കോഴിക്കോട് ജില്ലയിലെ സ്വീകരണങ്ങളില്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി മുകുള്‍ വാസിനിക് പങ്കെടുക്കും.
11 ന് മലപ്പുറം ജില്ലയില്‍ നാല് സ്വീകരണ വേദികള്‍ ഒരുക്കിയിട്ടുണ്ട്. രാവിലെ 10 ന് കൊണ്ടോട്ടിയിലും ഉച്ചതിരിഞ്ഞ് 3 ന് നിലമ്പൂരും വൈകിട്ട് 5ന് മലപ്പുറത്തും രാത്രി 7 മണിക്ക്  എടപ്പാളുമാണ് സ്വീകരണ വേദികള്‍. ഏപ്രില്‍ 12 ന് യാത്ര പാലക്കാട് ജില്ലയില്‍ പ്രവേശിക്കും. രാവിലെ 11ന് പട്ടാമ്പി, 3 മണിക്ക് കോങ്ങാട്, വൈകുന്നേരം 4 ന് പാലക്കാട്, 5ന് ആലത്തൂര്‍ എന്നിവിടങ്ങളിലെ സ്വീകരണം.
നാലു ദിവസത്തെ അവധിക്ക് ശേഷം ജനമോചനയാത്ര  ഏപ്രില്‍ 17 ന് തൃശ്ശൂര്‍ ജില്ലയില്‍ നിന്നും പര്യടനം ആരംഭിക്കും. രാവിലെ 10ന് വടക്കാഞ്ചേരി, 3ന് ചാവക്കാട്,  5ന് തേക്കിന്‍കാട് മൈതാനം, 6ന് കൊടുങ്ങല്ലൂര്‍. വൈകുന്നേരം തേക്കിന്‍കാട് മൈതാനിയില്‍ നടക്കുന്ന പരിപാടിയില്‍ പോണ്ടിച്ചേരി മുഖ്യമന്ത്രി വി.നാരായണ സ്വാമി പങ്കെടുക്കും.
18 ന് എറണാകുളം ജില്ലയില്‍ രാവിലെ 11 ന് ആലുവ, വൈകുന്നേരം 3ന് പറവൂര്‍, 5ന് എറണാകുളം, 7 ന് മൂവാറ്റുപുഴ. 19ന് ഇടുക്കിയില്‍ രാവിലെ 11ന് അടിമാലി, വൈകുന്നേരം 3ന് കട്ടപ്പന. 20ന് കോട്ടയം ജില്ലയില്‍ രാവിലെ 10ന്  കാഞ്ഞിരപ്പള്ളി, ഉച്ചയ്ക്ക് 3ന് തലയോലപറമ്പ്, വൈകുന്നേരം 6ന് കോട്ടയം. ഏപ്രില്‍  21 ന് ആലപ്പുഴ ജില്ലയില്‍  രാവിലെ 10ന്  അരൂര്‍, വൈകുന്നേരം 4ന്  ആലപ്പുഴ, 5ന് കായംകുളം. 22 ഞായറാഴ്ച് പര്യടനമില്ല.
23 ന് പത്തനംതിട്ട ജില്ലയില്‍ ഉച്ചയ്ക്ക് ശേഷം 3ന് മല്ലപ്പള്ളി, 5ന്  പത്തനംതിട്ട. 24 ന് കൊല്ലം ജില്ലയില്‍  രാവിലെ 10ന് കൊട്ടാരക്കര, 3 ന് പുനലൂര്‍, 5 ന് കരുനാഗപ്പള്ളി, 6ന് കൊല്ലം. സ്വീകരണകഴിഞ്ഞ് ജനമോചനയാത്രയുടെ സമാപനദിവസമായ ഏപ്രില്‍ 25 ന് രാവിലെ 10 ന് ആറ്റിങ്ങല്‍ നിന്നും തിരുവനന്തപുരം ജില്ലയിലെ പര്യടനത്തിന് തുടക്കം കുറിക്കും. 3 ന് നെടുമങ്ങാട്, 5 ന് നെയ്യാറ്റിന്‍കര. വൈകുന്നേരം 6 ന് ഗാന്ധിപാര്‍ക്കില്‍ ജനമോചനയാത്രയുടെ സമാപനസമ്മേളനം നടക്കും.
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകള്‍ വാസനിക്, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി,  എം.പിമാര്‍, എം.എല്‍.എമാര്‍, കെ.പി.സി.സി ഭാരവാഹികള്‍, ഡി.സി.സി ഭാരവാഹികള്‍, മുന്‍മന്ത്രിമാര്‍, ഡി.സി.സി പ്രസിഡന്റുമാര്‍, യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ്, കെ.എസ്.യു. തുടങ്ങി പോഷകസംഘടനകളുടേയും, സെല്ലുകളുടേയും ഭാരവാഹികള്‍, തദ്ദേസസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, ബ്ലോക്ക്, മണ്ഡലം, ബൂത്ത് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കേരളത്തില്‍ വര്‍ധിച്ച് വരുന്ന ‘അക്രമരാഷ്ട്രീയത്തിനെതിരേ അമ്മ മനസ്’ എന്ന പേരില്‍ ഡിജിറ്റല്‍ പ്രൊട്ടസ്റ്റും കെ.പി.സി.സി സംഘടിപ്പിച്ചിട്ടുണ്ട്. സ്ത്രീ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ഡിജിറ്റല്‍ പ്രൊട്ടസ്റ്റിനായി മൊബൈല്‍ അപ്ലിക്കേഷന്‍ കെ.പി.സി.സി മീഡിയ ആന്റ് ഐ.ടി സെല്ലിന്റെ സഹകരണത്തോടെ പുറത്തിറക്കിയിട്ടുണ്ട്.  മൊബൈല്‍ അപ്ലിക്കേഷന്റെ ഉദ്ഘാടനം എറണാകുളം ടൗണ്‍ഹാളില്‍ കെ.പി.സി.സി പ്രസിഡന്റിന്റെ സാന്നിധ്യത്തില്‍ മട്ടന്നൂരില്‍ കൊല്ലപ്പെട്ട യൂത്ത്‌കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ സഹോദരി എസ്.പി.ഷര്‍മിള നിര്‍വ്വഹിച്ചു. സ്ത്രീകളുടെ സഹകരണത്തോടെയാണ് ഡിജിറ്റല്‍ പ്രൊട്ടസ്റ്റ് കാമ്പയിനില്‍ പ്രതിഷേധം രേഖപ്പെടുത്തുന്നത്. കെ.പി.സി.സി സാംസ്‌കാരിക സാഹിതിയുടെ നേതൃത്വത്തില്‍ വിപുലമായ കാലാപരിപാടികളും സംഘടിപ്പിക്കും. എല്ലാ വേദികളിലും  സി.പി.എം കൊലയാളികള്‍ വെട്ടിനുറുക്കി കൊന്ന ശുഹൈബിനെ കുറിച്ച് കെ.പി.സി.സി മീഡിയാ ടീം തയ്യാറാക്കിയ ഡോക്യുമെന്ററിയും പ്രദര്‍ശിപ്പിക്കുമെന്ന് തമ്പാനൂര്‍ രവി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

*