kpcc

കണ്‍മുന്നില്‍നിന്നു മായുന്നില്ല ആ രംഗങ്ങള്‍. ചൊവ്വാഴ്ച സന്ധ്യയ്ക്ക് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് നൂറുകണക്കിനു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം ഷുഹൈബിന്റെ മൃതദേഹം ഏറ്റുവാങ്ങിയതു മുതല്‍ എടയന്നൂര്‍ ജുമാമസ്ജിദില്‍ ഖബറടക്കുന്നതുവരെയുള്ള ഓരോ രംഗവും മനസില്‍ തിങ്ങിവിങ്ങുകയാണ്.
28 വയസ് മാത്രം പ്രായമുള്ള ആ യുവാവിന്റെ കാല്‍മുട്ടിനു താഴെ 37 വെട്ടുകള്‍. കൈപ്പത്തിയില്‍ 4 വെട്ടുകള്‍. ആടിനെ വെട്ടുന്നതുപോലെ 41 വെട്ടുകള്‍. ഇതാണത്രേ ഇപ്പോള്‍ കണ്ണൂര്‍ കൊലപാതകത്തിലെ ഫാഷന്‍. കാല്‍മുട്ടിനെ താഴെ വെട്ടിവെട്ടി വീഴ്ത്തുക. എന്നിട്ട് ഉപേക്ഷിക്കുക. ജീവന്‍ തിരിച്ചുകിട്ടിയാലും ജീവച്ഛവം പോലെ ജീവിക്കും. അപ്പോള്‍ കൊലപാതകക്കേസ് ഉണ്ടാകില്ല. സിബിഐ അന്വേഷണവും വരില്ല. കേസുണ്ടായാലും തേച്ചുമായിക്കാന്‍ എളുപ്പം. ഇടതുപക്ഷം ഭരിക്കുമ്പോള്‍ കേരളപോലീസ് സിപിഎം നേതാക്കളുടെ ആജ്ഞ അനുസരിക്കുന്ന വെറും കൂലികളായിതിനാല്‍ കേസ് ആ രീതിയിലേ എടുക്കൂ.
ഉപ്പ, ഉമ്മ, മൂന്നു സഹോദരികള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന കുടുംബമാണ് 41 വെട്ടില്‍ ചിതറിവീണത്. ഗള്‍ഫില്‍ ജോലി ചെയ്തിരുന് ഷുഹൈബ് വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കുമൊപ്പം കഴിയാനാണ് നാട്ടില്‍ തിരിച്ചെത്തി ചെറിയൊരു കമ്പനി തുടങ്ങിയത്. ഷുഹൈബിന്റെ നാടായ എടയന്നൂരില്‍ ദേവിയമ്മ എന്നൊരു വയോധികയ്ക്ക് ഒരു വീടു നിര്‍മിച്ചു നല്കാന്‍ മുന്നിട്ടിറങ്ങിയ ഈ യുവാവ് കഴിഞ്ഞ ദിവസമാണ് 70 ചാക്ക് സിമന്റ് സൗജന്യമായി എത്തിച്ചുകൊടുത്തത്. വീടിന്റെ പണികളെല്ലാം ഷുഹൈബിന്റെ നേതൃത്വത്തിലായിരുന്നു. ഷുഹൈബ് ഇല്ലാതായതോടെ ആ വീട് ഇനി പൂര്‍ത്തിയാകുമോ? ജാതിയും മതവും രാഷ്ട്രീയവും ഒന്നും നോക്കാതെ പ്രവര്‍ത്തിച്ച ഒരു യുവാവ്.
ആയിരങ്ങള്‍ ഒഴുകിയെത്തി
ഷുഹൈബിനെ സ്‌നേഹിച്ച ആയിരക്കണക്കിന് ആളുകളാണ് അന്തിമോഭിവാദ്യം അര്‍പ്പിക്കാനെത്തിയത്. എല്ലാവര്‍ക്കും പറയാനുണ്ടായിരുന്നത് ഈ യുവാവിന്റെ നല്ല മനസിനെക്കുറിച്ചായിരുന്നു. നാട്ടുകാരുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും മുന്‍നിരയില്‍ ഉണ്ടായിരുന്നു. കല്യാണവീട്ടില്‍ സഹായിക്കാന്‍, മരണവീട്ടില്‍ ആശ്വാസമെത്തിക്കാന്‍, കബര്‍ കുഴിക്കാനും മറ മാടാനും, റമദാന്‍ നാളുകളില്‍ അരിയും മറ്റു സാധനങ്ങളും ചുമന്ന് പാവപ്പെട്ടവരുടെ വീടുകളില്‍ എത്തിക്കാന്‍. അങ്ങനെ നാട്ടിലെ എല്ലാവരുടെയും ഓമനായി, പ്രിയങ്കരനായി വളര്‍ന്നുവന്ന യുവാവ്. മട്ടന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചുവരുകയായിരുന്നു.
ജനുവരി 12ന് എടയന്നൂര്‍ സ്‌കൂളില്‍ കെഎസ്‌യുവിന്റെ കൊടിമരം എസ്എഫ്‌ഐക്കാര്‍ നശിപ്പിച്ചതിനെ തുടര്‍ന്നുള്ള വാക്കേറ്റമാണ് അരുംകൊലയില്‍ എത്തിയത്. ഷുഹൈബിനെതിരേ കൊലവിളി മുഴക്കി സിപിഎം പ്രകടനം നടത്തുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. നിന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്നും ഞങ്ങളോടു കളിച്ചവരാരും വെള്ളം കിട്ടി മരിച്ചിട്ടില്ലെന്നുമൊക്കെയായിരുന്നു മുദ്രാവാക്യങ്ങള്‍. ഇതിനിടെ ഷുഹൈബ് ഉള്‍പ്പെടെ നാലു കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി ജയിലിലടയ്ക്കുകയും ചെയ്തു. ജയിലില്‍ വച്ചും ഷുഹൈബിനു മര്‍ദനമേറ്റു. നിസാരമായ ഒരു വാക്കേറ്റം കൊലപാതകത്തില്‍ കലാശിക്കുമോ? കണ്ണൂരില്‍ അതല്ല അതിനപ്പുറവും സംഭവിക്കും.
ഫസലും ഷുക്കൂറും
ഓര്‍മയില്ലേ, സിപിഎം ജില്ലാ സെക്രട്ടറിയുടെ വാഹനത്തിനു മേലൊരു കല്ലുവീണതിന്റെ പേരിലാണ് ആ പ്രദേശത്തുപോലും ഇല്ലാതിരുന്ന ഷുക്കൂറെന്ന പയ്യനെ പരസ്യവിചാരണ നടത്തി സിപിഎമ്മുകാര്‍ കഴുത്തറത്തത്. സിപിഎം വിട്ട് എസ്ഡിപിഐയില്‍ ചേര്‍ന്നതിനാണ് ഫസല്‍ എന്ന യുവാവിനെ അരുംകൊല ചെയ്തത്. ഗുജറാത്തിലെ സംഘപരിവാര്‍- ബജ്‌റംഗ്ദള്ളുകാര്‍ മാത്രമാണ് സിപിഎമ്മിനോടു കൊലപാതക രാഷ്ട്രീയത്തില്‍ കിടപിടിക്കാനുള്ളത്.
കണ്ണൂരില്‍ 225 രാഷ്ട്രീയകൊലപാതകങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്. സിപിഎം- ബിജെപി സംഘട്ടനത്തിലാണ് ഈ കൊലപാതകങ്ങള്‍ സംഭവിച്ചിട്ടുള്ളത്. പിണറായി സര്‍ക്കാര്‍ അധികാരമേറ്റശേഷം മാത്രം കണ്ണൂരില്‍ രണ്ടുവര്‍ഷത്തിനിടിയില്‍ 10 രാഷ്ട്രീയകൊലപാതകങ്ങള്‍ ഉണ്ടായി. ഇതില്‍ ആറു ബിജെപിക്കാര്‍, മൂന്നു സിപിഎമ്മുകാര്‍ എന്നിങ്ങനെയാണു കൊല്ലപ്പെട്ടത്. ഇതിനിടയിലേക്കാണ് കോണ്‍ഗ്രസുകാരിലേക്കും സിപിഎം കൊലക്കത്തി വീശിയത്. കേന്ദ്രത്തിലും കേരളത്തിലും ഭരിക്കുന്നവര്‍ വാശിയോടെ കണക്കുതീര്‍ന്നു.
മൃഗീയമായ രീതികള്‍
സിപിഎമ്മിന്റെയും ബിജെപിയുടെയും ശക്തികേന്ദ്രങ്ങളിലും പാര്‍ട്ടി ഗ്രാമങ്ങളിലും അവരല്ലാതെ ഒരു ഇല പോലും അനങ്ങരുതെന്ന അലിഖിത നിയമമുണ്ട്. രാഷ്ട്രീയപ്രബുദ്ധത നേടിയ ഒരു സംസ്ഥാനത്ത് ഇതൊക്കെ നടക്കുമോ എന്നത് അവിശ്വസനീയമാണ്. പക്ഷേ, കണ്‍മുന്നില്‍ കാണുന്നതു വിശ്വസിക്കാതെ തരമില്ലല്ലോ. എത്ര മൃഗീയമായാണ് അവിടെ കൊലപാതകങ്ങള്‍ നടക്കുന്നതെന്ന് എനിക്കു ഷുഹൈബിന്റെ മൃതദേഹം കണ്ടപ്പോഴാണു ബോധ്യമായത്. ടി.പി. ചന്ദ്രശേഖരനെ 51 വെട്ടുവെട്ടി കൊലചെയ്യുന്നതു കണ്ടും കേരളം ഞടുങ്ങിയതാണ്. ആര്‍എംപി പ്രവര്‍ത്തകര്‍ക്കെതിരേ വ്യാപകമായ അക്രമമാണ് ഇപ്പോള്‍ അവിടെ നടക്കുന്നത്.
കണ്ണൂരിലെ കൊലപാതകങ്ങളുടെ കുപ്രസിദ്ധി അതിന്റെ ഭീകരതയാണ്. കഴുത്തുവെട്ടിമാറ്റുക, മുറിവായില്‍ മണ്ണുവാരിയിടുക, മുറിവുണങ്ങാതിരിക്കാന്‍ ബോംബില്‍ ചില രാസവസ്തുക്കള്‍ ചേര്‍ക്കുക, തുരുമ്പിച്ച ആണികളും ഇരുമ്പു കഷണങ്ങളും ചേര്‍ക്കുക, കൈകാലുകള്‍ വെട്ടിമാറ്റുക തുടങ്ങി കഠോര മനസുകള്‍ക്കു മാത്രം ചെയ്യാന്‍ കഴിയുന്നതൊക്കെയാണ് അവിടെ നടക്കുന്നത്. സ്‌കൂളില്‍ കുട്ടികളുടെ മുന്നില്‍ വച്ചും വീട്ടില്‍ എല്ലാവരുടെയും മുന്നില്‍ വച്ചും വഴിമധ്യേ തടഞ്ഞ് കുടുംബാംഗങ്ങളുടെ മുന്നില്‍വച്ചുമൊക്കെ കൊല നടക്കും. കൊല്ലപ്പെട്ട ആളുടെ കല്ലറ ബോംബുവച്ചു പണിത സംഭവം വരെയുണ്ട്. രാഷ്ട്രീയപക കാരണം എതിരാളികള്‍ ശവക്കല്ലറകള്‍ തകര്‍ക്കാന്‍ തുടങ്ങിയപ്പോഴായിരുന്നു ഈ നടപടി.
പാര്‍ട്ടി ഓഫീസിലെ കാഴ്ചകള്‍
സിപിഎം കണ്ണൂര്‍ ജില്ലാ പാര്‍ട്ടി ഓഫീസിനു മുന്നില്‍ ഞെട്ടിപ്പിക്കുന്ന കാഴ്ചകളുണ്ടായിരുന്നു. അവിടെ കൊല്ലപ്പെട്ട പ്രവര്‍ത്തകരുടെ പേര് ബോര്‍ഡുകളില്‍ നിരത്തി എഴുതി വച്ചിരുന്നു. നൂറോളം രക്തസാക്ഷികളാണ് അവര്‍ക്കുള്ളത്. പാര്‍ട്ടി നല്കുന്ന സംരക്ഷണത്തിന്റെ സൂചനയാണത്. പാര്‍ട്ടിക്കുവേണ്ടി മരിക്കുന്നവരുടെ കുടുംബാംഗങ്ങളെ പാര്‍ട്ടി സംരക്ഷിക്കും. ആശ്രിതര്‍ക്കു ജോലി, സാമ്പത്തിക സഹായം തുടങ്ങിയ എല്ലാ സംരക്ഷണവും ഉണ്ടാകും. ഇക്കാര്യത്തില്‍ ബിജെപിയും പിന്നിലല്ല. ബിജെപിക്കും നൂറോളം ബലിദാന്‍കാരുണ്ട്. കണ്ണൂരിന്റെ മിക്ക ഭാഗങ്ങളിലും നിരവധി രക്തസാക്ഷി മണ്ഡപങ്ങളുണ്ട്. ‘കൊല്ലാം പക്ഷേ തോല്പിക്കാനാവില്ല’ എന്ന് ഇതില്‍ എഴുതിവച്ചിരിക്കുന്നതും കാണാം. കൂത്തുപറമ്പ് നഗരഹൃദയത്തിലെ രക്തസാക്ഷിമണ്ഡപം പത്തുലക്ഷം രൂപയില്‍ തീര്‍ത്തതാണ്. എംവി രാഘവനെന്ന വര്‍ഗശത്രുവിനെ തോല്പിക്കാന്‍ പാര്‍ട്ടി കുരുതികൊടുത്ത അഞ്ചു യുവാക്കളുടെ പാവനസ്മരണകളാണ് ഇവിടെ അന്തിയുറങ്ങുന്നത്. നഗരത്തില്‍ നിന്നു കുറച്ചുമാറി ചൊക്ലി നോര്‍ത്തില്‍ പുഷ്പന്‍ എന്ന ജീവിച്ചിരിക്കുന്ന രക്തസാക്ഷിയുമുണ്ട്. കൂത്തുപറമ്പ് വെടിവയ്പിനിടയില്‍ കഴുത്തിനു വെടിയേറ്റു ശരീരം തളര്‍ന്നപോയ പുഷ്പനെ പാര്‍ട്ടി സംരക്ഷിക്കുന്നു. പിണറായി സര്‍ക്കാര്‍ പുഷ്പനു പെന്‍ഷനും അനുവദിച്ചു.
വെറും പാവങ്ങള്‍
കണ്ണൂരില്‍ ഇതുവരെ കൊല്ലപ്പെട്ട 225 പേരില്‍ 95 ശതമാനം പേരും വെറും പാവപ്പെട്ടവരും കൂലിപ്പണിക്കാരുമാണ്. അവരില്‍ പിന്നാക്കക്കാരും ന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ടവരും ഏറെയുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരും പാര്‍ട്ടി അനുയായികളും മാത്രമാണു കൊല്ലപ്പെടുന്നത്. നേതാക്കളോ അവരുടെ ബന്ധുക്കളോ കൊല്ലപ്പെടാറില്ല. കൊല്ലപ്പെട്ടവരെല്ലാം തന്നെ യുവാക്കളാണ്. ബോംബ് നിര്‍മാണത്തിനിടയില്‍പ്പെട്ട് മരിച്ചവരുമുണ്ട്. തികച്ചും അപരിഷ്‌കൃതമായ രീതിയിലാണ് ബോംബ് നിര്‍മാണം. തെങ്ങിനു ചുറ്റിപ്പിടിച്ചും ഡസ്‌കിന് അടിയില്‍ക്കൂടിയുമാണ് ബോംബിന്റെ ഫ്യൂസ് ഘടപ്പിക്കുന്നത്. അഥവാ പൊട്ടിത്തെറിച്ചാലും കൈമാത്രമേ നഷ്ടപ്പെടുകയുള്ളുവല്ലോ!
കണ്ണൂരിലെ അക്രമങ്ങളില്‍ ശിക്ഷിക്കപ്പെടുന്നത് യഥാര്‍ത്ഥ പ്രതികളെല്ലെന്നാണ് കരുതപ്പെടുന്നത്. പാര്‍ട്ടി ഓഫീസുകളില്‍ നിന്നു നല്കുന്ന ലിസ്റ്റ് അനുസരിച്ചാണ് പോലീസ് കേസ് ചാര്‍ജ് ചെയ്യുന്നത്. മിക്കവരും ശിക്ഷിക്കപ്പെടാതെ തിരിച്ചുവരും. നിരവധി നിരപരാധികളെയും ഇപ്രകാരം കള്ളക്കേസില്‍ കുടുക്കിയിട്ടുണ്ടത്രേ. ഒരിക്കല്‍ കേസില്‍പ്പെട്ടാല്‍ പാര്‍ട്ടിയുടെ കവചമില്ലാതെ മുന്നോട്ടുപോകാനാവില്ല.
കണ്ണൂരിലെ സംഘര്‍ഷമേഖലയില്‍ക്കൂടി പോയാല്‍ ഒരുപാട് നൊമ്പരപ്പെടുത്തുന്ന ദൃശ്യങ്ങള്‍ കാണാം. കുടുംബനാഥനെ നഷ്ടപ്പെട്ട വീടുകള്‍, ഭര്‍ത്താവിനെ നഷ്‌പ്പെട്ട ഭാര്യമാര്‍, അച്ഛനെ നഷ്ടപ്പെട്ട മക്കള്‍, മകനെ നഷ്ടപ്പെട്ട മാതാപിതാക്കള്‍, സഹോദരനെ നഷ്ടപ്പെട്ട സഹോദരങ്ങള്‍. സ്വന്തം വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും പലായനം ചെയ്യേണ്ടി വന്നവര്‍. വേര്‍പാടിന്റെ മുറിവുകള്‍ ഉണങ്ങുമായിരിക്കും. പക്ഷേ, ജീവിതപ്രാരാബ്ധങ്ങളോട് ഏറ്റുമുട്ടാന്‍ അവര്‍ ഒറ്റയ്ക്കാണ്. കൊലപാതകത്തിനുശേഷമുള്ള ആരവം കഴിഞ്ഞാല്‍ പിന്നെ ഒറ്റയ്ക്കുള്ള തുഴച്ചിലാണ്.
കണ്ണൂര്‍ക്കോട്ട
സിപിഎമ്മിന്റെ ശക്തികേന്ദ്രമാണ് കണ്ണൂര്‍. ഒരു കോട്ടപോലെ അവര്‍ സംരക്ഷിക്കുന്ന സ്ഥലം. പിണറായി സര്‍ക്കാര്‍ അധികാരമേറ്റിട്ട് രണ്ടു വര്‍ഷത്തിനിടയില്‍ രാഷ്ട്രീയ സംഘട്ടനങ്ങളില്‍ കൊല്ലപ്പെട്ട 22 പേരില്‍ 10 പേരും കണ്ണൂരില്‍ നിന്നാണ്. മുഖ്യമന്ത്രിയുടെ നാടായ പിണറായില്‍പ്പോലും കൊലനടന്നു. സിപിഎമ്മിന് ഏറ്റവും കൂടുതല്‍ എംഎല്‍എമാരും ജനപ്രതിനിധികളുമൊക്കെയുള്ള സ്ഥലം. കണ്ണൂര്‍ ലോബിയുടെ പിടിയിലാണ് സിപിഎം. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ഒരേ ജില്ലയില്‍ നിന്ന്. കണ്ണൂരിലെ അക്രമത്തിനെതിരേ പാര്‍ട്ടിയിലെ ബഹുഭൂരിപക്ഷത്തിനും എതിര്‍പ്പുണ്ടെങ്കിലും കണ്ണൂര്‍ ലോബിയെ ഭയന്ന് ആരും മിണ്ടില്ല. തങ്ങളുടെ ശക്തികേന്ദ്രത്തിലേക്ക് ആരും കടന്നുവരാന്‍ പാടില്ല എന്ന സിപിഎം ഫാസിസമാണ് അക്രമങ്ങളുടെ കേന്ദ്രബിന്ദു. ഇക്കാര്യത്തില്‍ ബിജെപി ഒരേ തൂവല്‍പ്പക്ഷിയാണ്.
യുഡിഎഫ് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ കണ്ണൂരില്‍ ഇത്തരം ഭീകരാവസ്ഥ ഉണ്ടാകാറില്ല. മികച്ച പോലീസ് ഉദ്യോഗസ്ഥരെ അവിടെ നിയമിക്കുകയും അവര്‍ക്ക് കേസ് അന്വേഷിക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യം നല്കുകയും ചെയ്തിരുന്നു. തുടര്‍ച്ചയായി റെയ്ഡുകള്‍ നടത്തി ബോംബുകളും ആയുധങ്ങളും പിടിച്ചെടുത്തു. ടിപി ചന്ദ്രശേഖരന്‍ കൊലപാതകം ഉണ്ടായപ്പോള്‍ നടത്തിയ അന്വേഷണം മാത്രം മതി യുഡിഎഫിന്റെ കാലത്തെ പോലീസിന്റെ കാര്യക്ഷമത തെളിയിക്കാന്‍.
നൂറു കണക്കിനു സമാധാന യോഗങ്ങള്‍ നടന്ന സ്ഥലമാണ് കണ്ണൂര്‍. ഇത്തവണയും സമാധാനയോഗങ്ങള്‍ ഒരു വഴിക്കും കൊലപാതകങ്ങള്‍ മറുവഴിക്കും അരങ്ങേറി. പോലീസിനു സ്വാതന്ത്ര്യം നല്കുകയും സര്‍ക്കാര്‍ ഇച്ഛാശക്തിയോടെ പ്രവര്‍ത്തിക്കുകയും ചെയ്താല്‍ കണ്ണൂരില്‍ വീണ്ടും സമാധാനം പുലരും. ഇതു കണ്ണൂരിന്റെ മാത്രം ആവശ്യമല്ല മറിച്ച് കേരളത്തിന്റെ ആവശ്യമാണ്. ലോകമെമ്പാടുമുള്ള മലയാളികളുടെ അപേക്ഷയാണ്.

Leave a Reply

Your email address will not be published. Required fields are marked *

*