കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി എടയന്നൂര്‍ സ്കൂള്‍ പറമ്ബത്ത് വീട്ടില്‍ ശുഹൈബി (29)ന്റെ കൊലപാതകത്തില്‍ ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായി ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി ഇന്ന് 24 മണിക്കൂര്‍ ഉപവാസ സമരം നടത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് സമരം ഉദ്ഘാടനം ചെയ്യുന്നത്. അതേസമയം,ശുഹൈബിന്റെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനാവാതെ ഇരുട്ടില്‍ തപ്പുകയാണ് പൊലീസ്.

കഴിഞ്ഞ മാസം 19നാണ് എ.ബി.വി.പി പ്രവര്‍ത്തകന്‍ കണ്ണവത്തെ ശ്യാമപ്രസാദ് കൊല്ലപ്പെട്ടത്. ഒരുമാസം തികയും മുന്‍പാണ് തിങ്കളാഴ്ച മട്ടന്നൂര്‍ എടയന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് കീഴല്ലൂര്‍ മണ്ഡലം പ്രസിഡന്റായിരുന്ന ഷുഹൈബ് കൊല്ലപ്പെടുന്നത്. പയ്യന്നൂര്‍ രാമന്തളിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ബിജുവിന്റെ കൊലപാതകത്തിന് ശേഷം ജില്ലയിലുണ്ടായിരുന്ന ആദ്യത്തെ കൊലപാതകമായിരുന്നു ശ്യാമപ്രസാദിന്റേത്.ഇതില്‍ പ്രതികള്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരായിരുന്നു.എല്ലാവരും ഉടന്‍ തന്നെ പിടിയിലാവുകയും ചെയ്തു. ഇതിനിടെ നിരവധി രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ജില്ലയില്‍ നടന്നു. സമാധാനശ്രമങ്ങള്‍ക്ക് ആഹ്വാനം ഉയര്‍ന്നെങ്കിലും നിസാര പ്രശ്നങ്ങള്‍ പോലും ക്രൂരമായ കൊലപാതകത്തില്‍ അവസാനിക്കുകയാണ്.

എടയന്നൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അവിടെ ഉണ്ടായ സംഘട്ടനത്തെ തുടര്‍ന്ന് ഒരു കൂട്ടം സി.പി.എം പ്രവര്‍ത്തകര്‍ ‘ഷുഹൈബിന്റെ നാളുകള്‍ എണ്ണിക്കോളൂ’ എന്നു പറഞ്ഞു പരസ്യമായി കൊലവിളി നടത്തിയതും പ്രശ്നത്തിന്റെ ഗൗരവം കാണിക്കുന്നു. അതേസമയം കൊല്ലപ്പെട്ട ഷുഹൈബ് സി.പി.എം പ്രവര്‍ത്തകരെ ആക്രമിച്ച കേസുകളില്‍ പ്രതിയായിരുന്നെന്ന് പറയുന്നു.

വാഗണ്‍ ആര്‍ കാറിലെത്തിയ നാലംഗ സംഘം തട്ടുകടയില്‍ ഇരുന്ന ശുഹൈബിനെ ആക്രമിച്ചതെന്ന് നാട്ടുകാര്‍ മൊഴി നല്‍കിയെങ്കിലും പൊലീസിന് ഇതുവരെയും പ്രതികളെക്കുറിച്ച്‌ സൂചന ലഭിച്ചിട്ടില്ല. ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം നടക്കുന്നുവെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. അതേസമയം, പൊലീസിന് ആര്‍ജവമുണ്ടായിരുന്നെങ്കില്‍ പ്രതികളെ ഇതിനോടകം തന്നെ പിടികൂടാമായിരുന്നെന്ന് കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി പ്രതികരിച്ചു. കണ്ണൂരിലെ സി.പി.എം നേതൃത്വത്തിന്റെ അറിവോടെയാണ് ഈ കൊലപാതകം നടത്തിയത്. ഈ നേതാക്കന്മാരെ ചോദ്യം ചെയ്താല്‍ പ്രതികളെക്കുറിച്ച്‌ കൃത്യമായ വിവരം ലഭിക്കും. എന്നാല്‍ പൊലീസ് സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും ചട്ടുകമായി പ്രവര്‍ത്തിക്കുകയാണ്. ഇത് നാണക്കേടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

*