• admin

  • September 17 , 2020

ഹൈദരാബാദ് : തെലുങ്ക് സീരിയന്‍ നടി ശ്രാവണി കൊണ്ടാപ്പള്ളി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് പ്രമുഖ തെലുങ്ക് ചലച്ചിത്ര നിര്‍മാതാവിനെ പോലിസ് അറസ്റ്റുചെയ്തു. 'ആര്‍എക്‌സ് 100' അടക്കം തെലുങ്ക് ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളുടെ നിര്‍മാതാവായ അശോക് റെഡ്ഡിയെയാണ് ഹൈദരാബാദ് പോലിസ് അറസ്റ്റുചെയ്തത്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സായ് കൃഷ്ണ റെഡ്ഡി, ദേവരാജ് റെഡ്ഡി എന്നിവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ഹൈദരാബാദ് മധുരനഗറിലെ വസതിയിലെ കുളിമുറിയിലാണ് ശ്രാവണിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 2018ല്‍ സായ് കൃഷ്ണ റെഡ്ഡിയുമായാണ് ശ്രാവണി ടിക് ടോക്കിലൂടെ ആദ്യം പരിചയപ്പെടുന്നത്. പിന്നീട് അശോക് റെഡ്ഡിയുമായും ദേവരാജ് റെഡ്ഡിയുമായും ടിക് ടോക്ക് വഴി സൗഹൃദത്തിലായി. തെലുങ്ക് ചിത്രമായ ''പ്രേമാറ്റോ കാര്‍ത്തിക്'' ന്റെ നിര്‍മാണഘട്ടത്തിലാണ് ശ്രാവണി അശോക് റെഡ്ഡിയെ കണ്ടുമുട്ടുന്നത്. ശ്രാവണിയുടെ ഫോണിലേക്ക് അവസാനമായി വിളിച്ചത് ദേവരാജ് റെഡ്ഡിയാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. മൂവരുടെയും ഉപദ്രവം സഹിക്കാതെയാണ് ജീവിതം അവസാനിപ്പിക്കുന്നതെന്ന് ആത്മഹത്യാ കുറിപ്പില്‍ ശ്രാവണി വ്യക്തമാക്കിയിട്ടുണ്ടെന്ന് പോലിസ് പറയുന്നു. ദേവരാജ് റെഡ്ഡി ശ്രാവണിയെ മാനസികമായി പീഡിപ്പിച്ചെന്നും ഇത് ആത്മഹത്യയിലേക്ക് നയിച്ചതായും കുടുംബം പോലിസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലിസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൂവരും അറസ്റ്റിലാവുന്നത്. കഴിഞ്ഞ എട്ടുവര്‍ഷമായി തെലുങ്ക് സീരിയലുകളിലെ സജീവസാന്നിധ്യമാണ് ശ്രാവണി. മൗനരാഗം, മനസു മമത തുടങ്ങിയ സീരിയിലൂകളിലൂടെയാണ് ശ്രാവണി ശ്രദ്ധനേടുന്നത്.